Connect with us

Wayanad

ഗൂഡല്ലൂര്‍ മസ്ജിദുല്‍ ഖുലഫയിലെ ഇഫ്താര്‍ സംഗമം മാതൃകയാകുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അന്നദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി പുണ്യമാസത്തില്‍ മാതൃകാപരമായ പുണ്യ പ്രവൃത്തിയില്‍ വ്യാപൃതരാവുകയാണ് ഗൂഡല്ലൂര്‍ മസ്ജിദുല്‍ ഖുലഫ. മസ്ജിദിലെ ഇഫ്താര്‍ സംഗമം എല്ലാവര്‍ക്കും മാതൃകയാണ്. റംസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ നടക്കുന്ന ഇഫ്ത്താര്‍ സംഗമം ഇതിനകം ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. നഗരത്തില്‍ ഈ മസ്ജിദില്‍ മാത്രമാണ് വിപുലമായ ഇഫ്ത്താര്‍ നടത്തുന്നത്. എല്ലാവര്‍ക്കും ഇരിക്കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോമ്പ് തുറക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് പള്ളിയില്‍ എത്തുന്നവര്‍ക്ക് പഠനാര്‍ഹമായ ഹദീസ് പഠനവും നടക്കുന്നുണ്ട്. യുവാക്കളും, പ്രായമായവരും, കുട്ടികളും സംഗമത്തില്‍ പങ്കെടുക്കാറുണ്ട്. നോമ്പ്കാരുടെ ഇഷ്ടഭോജനമായ ഈത്തപ്പഴം, പത്തിരി, ഇറച്ചി, പൊറാട്ട, ചപ്പാത്തി, ബിരിയാണി തുടങ്ങിയവയാണ് ഇഫ്ത്താറിലെ പ്രധാന വിഭവങ്ങള്‍. ദിനംപ്രതി 300ല്‍പ്പരം ആളുകളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലെ ജോലിക്കാര്‍ക്കും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഗംഭീരമായ ഇഫ്ത്താര്‍ സംഗമം വലിയ അനുഗ്രഹമായിട്ടുണ്ട്. നിസ്വാര്‍ഥരും സേവനതത്പരരുമായ മഹത് വ്യക്തികളുടെ നേതൃത്വത്തിലുള്ള ഇഫ്ത്താര്‍ സംഗമത്തിന് ദീനിസ്‌നേഹികളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഫ്ത്താര്‍ സംഗമത്തിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ കര്‍മനിരധരാണ്. വിഭവസമൃദ്ധിയായ ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റും സേവന തത്പരരായ ധാരാളം പ്രവര്‍ത്തകരുടെ അദ്ധ്വാനമാണ്. കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ ഗൂഡല്ലൂര്‍ നഗരത്തില്‍ ദിനംപ്രതി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് യാത്രക്കാര്‍ എത്താറുണ്ട്. ഇത്തരം യാത്രക്കാര്‍ക്ക് ഇഫ്ത്താര്‍ സംഗമം വലിയ ആശ്വാസമായിട്ടുണ്ട്. പരിശുദ്ധ റമസാനിന്റെ പ്രധാനപ്പെട്ട കാര്യമാണ് ഇഫ്ത്താര്‍. കൂടുതല്‍ പുണ്യങ്ങള്‍ ലഭിക്കുകയും ചെയ്യും. പുണ്യങ്ങളുടെ പൂക്കാലമാണ് റമസാന്‍. പാപമോചനത്തിന്റെ മാസമായ റമസാനിന്റെ ദിനരാത്രങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. വിശ്വാസികള്‍ കൂടുതല്‍ നാഥനിലേക്ക് അടുക്കാനുള്ള തയ്യാറൊടുപ്പിലാണ്.