അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: July 7, 2015 6:06 am | Last updated: July 7, 2015 at 1:12 am
SHARE

ശ്രീനഗര്‍: നവ്ഗാമിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജ വാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം വടക്കന്‍ കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ബി എസ് എഫ് വക്താവ് ശ്രീനഗറില്‍ പറഞ്ഞു.
25- 30 റൗണ്ട് വെടിവെപ്പാണ് അവര്‍ നടത്തിയത്. ബി എസ് എഫ് ജവാന്മാര്‍ തിരിച്ചും വെടിവെപ്പ് നടത്തി. ഇത് ഏതാണ്ട് ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഇതിന് ശേഷവും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിനയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയും പാക്കിസ്ഥാ ന്‍ വെടിവെപ്പ് നടത്തി. ഇത് രാത്രി വൈകുവോളം തുടര്‍ന്നു. ആറ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് ഞായറാഴ്ച പാക്കിസ്ഥാന്‍ ചെറു ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോ ടെ ആക്രമണം അവസാനിപ്പിച്ചെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 150 ഓളം പാക് നുഴഞ്ഞുകയറ്റക്കാര്‍ കാശ്മീര്‍ താഴ്‌വര ലക്ഷ്യമാക്കി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും സൈന്യം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 22ന് ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ആര്‍ എസ് പുര സെക്ടറിലാണ് അവസാനമായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.