വിഷബാധ: പാക്കിസ്ഥാനില്‍ 185 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:07 am
SHARE

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ 185 അനാഥ വിദ്യാര്‍ഥികള്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍. ഇസ്‌ലാമാബാദിലെ പാക്കിസ്ഥാന്‍ സ്വീറ്റ് ഹോമി( പി എസ് എച്ച്)ലെ അന്തേവാസികളാണ് നിലവാരം കുറഞ്ഞ ഭക്ഷണത്തെ തുടര്‍ന്ന് ചികിത്സ തേടേണ്ടിവന്നത്. 60 വിദ്യാര്‍ഥികളെ ഹോളി ഫാമിലി ആശുപത്രിയിലും ബാക്കിയുള്ളവരെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്( പി ഐ എസ് എം) ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. വയറിളക്കവും കുടല്‍ വീക്കവും ബാധിച്ചാണ് കുട്ടികളിലധികവും ചികിത്സ തേടിയതെന്ന് പി ഐ എസ് എം വക്താവ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പാലും റൊട്ടിയുമായിരുന്നു പ്രാതലിന് വിളമ്പിയിരുന്നത്. പക്ഷെ വയറിളക്കം വയര്‍ വേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവിക്കുന്നതായി വിദ്യാര്‍ഥികളില്‍ നിന്ന് പരാതി ലഭിച്ചതോടെ അവരെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു എന്ന് പാക്കിസ്ഥാന്‍ സ്വീറ്റ് ഹോമിന്റെ മുഖ്യ രക്ഷാധികാരി സംറൂദ് ഖാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ സാമ്പിള്‍ വൈദ്യ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.