കുറഞ്ഞ ചെലവില്‍ ജീവതസാഹചര്യം; ദുബൈക്കും അബുദാബിക്കും ഇടം

Posted on: July 6, 2015 8:11 pm | Last updated: July 6, 2015 at 8:11 pm
SHARE

ദുബൈ: രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദുബൈയും അബുദാബിയും ഷാര്‍ജയും ജീവിക്കാന്‍ സാഹചര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടി. ലോകത്തില്‍ പ്രവാസികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ജീവിക്കാവുന്ന നഗരങ്ങളായി ഇവ മാറിയിരിക്കയാണ്. 517 പട്ടണങ്ങളെ ഉള്‍പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2015ലെ ജീവിത ചെലവിനെ ആധാരമാക്കിയാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ചെലവ് കൂടിയ ലോക നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 200 നഗരങ്ങളില്‍ ഉള്‍പെടാതെയാണ് ആളുകള്‍ക്ക് പ്രത്യേകിച്ചും പ്രവാസികള്‍ക്ക് മിതമായ ചെലവില്‍ ജീവിക്കാവുന്ന നഗരങ്ങളായി ഇവ മാറിയിരക്കുന്നത്. പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ യു കെ നഗരങ്ങളായ അബര്‍ഡീന് 15ഉം ലണ്ടന് 18 ഉം സ്ഥാനമാണുള്ളത്. അമേരിക്കന്‍ നഗരങ്ങളായ സാന്‍ഫ്രാന്‍സിസ്‌കോ(19), ന്യൂ യോര്‍ക്ക്(20), വാഷിംഗ്ടണ്‍(24), ഓസ്‌ട്രേലിയന്‍ നഗരങ്ങളായ പെര്‍ത്ത്(23), അഡെലൈഡി(32), സിഡ്‌നി(47), സിംഗപ്പൂര്‍(53) എന്നിങ്ങനെ സ്ഥാനം പിടിച്ചപ്പോള്‍ ദുബൈ(212)ഉം അബുദാബി(278), ഷാര്‍ജ(280) ഇടംനേടിയത്. പട്ടികയില്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ നല്ലൊരു ശതമാനവും ഇന്ത്യന്‍ പട്ടണങ്ങളാണ്. ഗള്‍ഫ് മേഖലയില്‍ ചെലവ് കൂടിയ നഗരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഖത്തര്‍ തലസ്ഥാനമായ ദോഹയാണ്. ദോഹ 205ാം സ്ഥാനത്താണ് പട്ടികയില്‍ ഇടംപിടിച്ചത്. ദമാം(232), മസ്‌ക്കറ്റ്(283), അമ്മാന്‍(285) എന്നിങ്ങനെയാണ് ഗള്‍ഫ് നഗരങ്ങളുടെ സ്ഥാനം.