അവിവാഹിത അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാമെന്ന് സുപ്രീംകോടതി

Posted on: July 6, 2015 3:05 pm | Last updated: July 7, 2015 at 7:52 am

supreme courtന്യൂഡല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. കുട്ടിയുടെ പൂര്‍ണാവകാശം അവിവാഹിതരായ അമ്മമാര്‍ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ സമ്മതം വാങ്ങണമെന്നുമുള്ള വ്യവസ്ഥ ചോദ്യം ചെയ്ത് ഒരു സ്ത്രീ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വിക്രംജിത് സിംഗ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കുട്ടിയുടെ അച്ഛനായ ആള്‍ തന്നോടൊപ്പം രണ്ടുമാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടായ കാര്യം അയാള്‍ക്കറിയില്ലെന്നും ഹരജിക്കാരി പറഞ്ഞു. ഇവരുടെ കേസ് നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതിയോട് വിധി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട കോടതി കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പറഞ്ഞതെന്ന് വിലയിരുത്തി.