ഡിജിറ്റലൈസ് പാഠപുസ്തകങ്ങള്‍ക്കൊപ്പം വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

Posted on: July 6, 2015 9:19 am | Last updated: July 6, 2015 at 9:19 am
SHARE

കോഴിക്കോട്: സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗിന്റെ (എസ് സി ഇ ആര്‍ ടി) വെബ്‌സൈറ്റില്‍ ഡിജിറ്റലൈസ് ചെയ്ത പാഠപുസ്തകങ്ങള്‍ക്കൊപ്പം വിദഗ്ധരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
നിലവില്‍ ഒന്നാംതരം മുതലുള്ള പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട്, വിദഗ്ധരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൂടി ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് കാര്യക്ഷമമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ജനങ്ങളിലേക്കെത്താന്‍ ഏറെ നിമിഷങ്ങള്‍ പോലും വേണ്ടാതായ ഇന്നത്തെ കാലഘട്ടത്തില്‍ കമ്പ്യൂട്ടറുകള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെ വിജ്ഞാന സമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളായെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, സ്വാര്‍ഥത കൂടിവരുന്ന ഇന്നത്തെ കാലത്ത് വ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ പുതുതലമുറ സമയം കണ്ടെത്തണം. നവമാധ്യമങ്ങളില്‍ നന്‍മയെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കപ്പെടുന്നത്. തിന്‍മകളെ തിരസ്‌കരിച്ച് നന്‍മയെ സ്വീകരിച്ച് വിജ്ഞാനം നേടുന്നതെങ്ങനെയെന്ന് പരിശോധിക്കണം.
എല്ലാത്തിനെയും ഭിന്നിപ്പിക്കാനുള്ള പ്രവണത പുതിയകാലത്ത് കൂടിവരുന്നുണ്ട്. എന്നാല്‍ നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് ഒരു മതവും മറ്റ് മതങ്ങളെ തള്ളിപ്പറയുന്നില്ല. എല്ലാവരെയും വേര്‍തിരിവുകള്‍ക്ക് അതീതമായി ഒരുപോലെ കണ്ട് വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.
സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റ് ചീഫ് എഡിറ്റര്‍ ജി വി കെ മുനീര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ അഹമ്മദ് ഫവാസ്, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, മുഹമ്മദ് സമീര്‍, ശിഹാബ് വാഴൂര്‍ സംസാരിച്ചു.