പരിശീലനത്തോടൊപ്പം തൊഴില്‍ പദ്ധതി;ആദ്യ ബാച്ച് പുറപ്പെട്ടു

Posted on: July 6, 2015 9:11 am | Last updated: July 6, 2015 at 9:11 am

കല്‍പ്പറ്റ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പരിശീലനത്തോടൊപ്പം തൊഴിലും പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ബാച്ച് പുറപ്പെട്ടു. അലോപതി മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിദഗ്ദ പരിശീലനം നല്‍കി ജോലി ഉറപ്പു വരുത്തുന്ന വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന റെഡോക്‌സ് ലബോറട്ടറീസ് ഒന്നാം ഘട്ടത്തില്‍ 21 പേരെ തെരഞ്ഞെടുത്തത്. ഇതില്‍ 5 പേര്‍ ഗോത്ര മേഖലയില്‍ നിന്നുള്ളവരാണ്.
ദീന്‍ ദയാല്‍ ഉപാദ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ ) പദ്ധതി പ്രകാരം ജില്ലയില്‍ രണ്ട് തവണ റജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഒമ്പത്ഏജന്‍സികള്‍ നടത്തിയ ക്യാമ്പില്‍ 2636 പേര്‍ റജിസ്റ്റര്‍ ചെയ്തു.
റെഡോക്‌സ് നടത്തുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസര്‍, പ്രൊഡക്ഷന്‍ കെമിസ്റ്റ് എന്നീ കോഴ്‌സുകളിലേക്കാണ് 21 പേരെ തെരഞ്ഞെടുത്തത്. ഒമ്പത്പഞ്ചായത്തില്‍ നിന്നുള്ളവരാണിവര്‍.
3 മാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തെ തുടര്‍ന്ന് ജോലി ഉറപ്പാക്കാനാവും. യൂണിഫോം, ഭക്ഷണം, താമസം, യാത്രാ ബത്ത, പഠനോപകരണങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതക്കനുസരിച്ച് 6,000 രൂപ മുതല്‍ 10,000 രൂപ വരെ മാസ വേതനം റെഡോക്‌സ് ഉറപ്പാക്കും.
വിശാഖപട്ടണം റെഡോക്‌സ് സ്ഥാപനത്തിലേക്കുള്ള ആദ്യ ബാച്ചിനെ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി ഫഌഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി മുഹമ്മദ്, റെഡോക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് മേധാവി കെ.എസ് നാരായണന്‍ , ജില്ലാ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, വൈശാഖ് .എം ചാക്കോ, സി എ മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.