അക്ഷയ് സിംഗിന്റെ സംസ്‌കാര ചടങ്ങില്‍ രാഹുലും കെജ്‌രിവാളും

Posted on: July 6, 2015 6:11 am | Last updated: July 6, 2015 at 8:35 am

ന്യൂഡല്‍ഹി: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയതിന് ശേഷം ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പത്രപ്രവര്‍ത്തകന്‍ അക്ഷയ് സിംഗിന്റെ സംസ്‌കാരം ഈസ്റ്റ് ഡല്‍ഹിയിലെ നിഗംബോധില്‍ നടന്നു. ചടങ്ങില്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനീഷ് സിസോദിയ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണത്തില്‍ കുറ്റാരോപിത പട്ടികയില്‍ പേര് വന്ന ശേഷം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍ കുട്ടിയുടെ മാതാപിതാക്കളുമായി അഭിമുഖം നടത്തിയതിന്റെ പിറ്റേന്നാണ് ടി വി റ്റുഡേ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ടിവി ജേണലിസ്റ്റായ അക്ഷയ് സിംഗ് മരണപ്പെട്ടത്.
2012 ജനുവരി ഏഴിന് ഉജ്ജൈനിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നമ്രത ദാമര്‍ എന്ന യുവതിയുടെ മാതാപിതാക്കളുമായാണ് അക്ഷയ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. വേദനയോടെയാണ് അക്ഷയ് സിംഗിന്റെ മാതാപിതാക്കളെ കണ്ടതെന്നും, കടുത്ത ദുഃഖത്തിന്റെ ഈ വേളയില്‍ തന്റെ പ്രാര്‍ഥന കുടുംബത്തോടൊപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കേസുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങള്‍ തുടരവേ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും മധ്യ പ്രദേശിലെ ബി ജെ പി സര്‍ക്കാറിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.
ഇനിയും ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നത് തടയണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തണമെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.