ഇറാഖില്‍ സഖ്യസേനയുടെ വ്യോമാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Posted on: July 6, 2015 5:30 am | Last updated: July 6, 2015 at 12:02 am

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാഖി നഗരമായ റമാദിയിലും ഫലൂജയിലുമാണ് ഇന്നലെ സൈന്യം വ്യോമാക്രമണവും മിസൈല്‍ ആക്രമണവും നടത്തിയത്. ആക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റമാദിയില്‍ നടന്ന ആക്രമണത്തില്‍ അമ്പത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എകദേശം 30ല്‍പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫലൂജ സിറ്റിയിലും വ്യാപകമായ ആക്രമണമാണ് സൈന്യം നടത്തിയത്. ഇവിടെ 23പേര്‍ കൊല്ലപ്പെടുകയും 40പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധിക പേരും ഇറാഖി പൗരന്‍മാരും യുവാക്കളുമാണെന്ന് ഫലൂജ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇസില്‍ തീവ്രവാദികളെ ലക്ഷം വെച്ചുള്ള ആക്രമണമാണ് സൈന്യം നടത്തിയതെന്ന് ഇറാഖി സുരക്ഷാ വിഭാഗം പറഞ്ഞു. വരും ദിവസങ്ങളിലും ഇസിലിനെതിരെയുള്ള ആക്രമണം ശക്തമാക്കാനാണ് സഖ്യസേനയുടെ തീരുമാനം. ആക്രമണം ശക്തമാകുന്നതോടെ ഇസില്‍ തിരിച്ചടിക്കുമെന്നാണ് ഇസില്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.