ഹയര്‍ സെക്കന്‍ഡറി സ്ഥലം മാറ്റം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 6, 2015 5:48 am | Last updated: July 5, 2015 at 11:48 pm

തിരുവനന്തപുരം: വര്‍ഷങ്ങളായി ദൂരെദിക്കുകളില്‍ ജോലി ചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റ അപേക്ഷകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ഒരുകൂട്ടം അധ്യാപികമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഉന്നത ബന്ധമുള്ളവരുടെ ഭാര്യമാര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന സെക്രട്ടേറിയറ്റിലെ ഉന്നതന്റെ ഭാര്യയും സംഘടനാ നേതാവിന്റെ ബന്ധുവും പത്ത് വര്‍ഷത്തിലേറെയായി നഗരത്തിലുള്ള സ്‌കൂളുകളില്‍ അധ്യാപകരാണ്. ഭരണ സ്വാധീനവും ബന്ധുബലവുമുള്ളവര്‍ക്ക് സ്ഥലം മാറേണ്ടിവരില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പ്രൊമോഷന്‍ വേണ്ടെന്ന് വച്ചവര്‍ക്ക് പൊതുസ്ഥലം മാറ്റത്തില്‍ നിന്ന് പരിരക്ഷയുണ്ടായിരിക്കുമെന്ന 2015 മെയ് 27ലെ സര്‍ക്കാര്‍ ഉത്തരവ് വടക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഒരിക്കലും മാതൃ ജില്ലയിലേക്ക് മാറ്റം കിട്ടാതാക്കിയെന്നും പരാതിയില്‍ പറയുന്നു.