Connect with us

Kerala

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ത്തല്‍; വിവരങ്ങള്‍ ആന്റി പൈറസി സെല്ലിന് കൈമാറിയെന്ന് അന്‍വര്‍ റഷീദ്

Published

|

Last Updated

കൊച്ചി: പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലുള്ള വിവരങ്ങള്‍ ആന്റി പൈറസി സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അയാളെ അറസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്വം പൊലീസിനാണ്. ഇത്രയധികം വേഗത്തില്‍ വ്യാജ പതിപ്പ് വ്യാപിച്ചത് പ്രേമം സിനിമ പോലെ മറ്റൊരു സനിമയുടെ കാര്യത്തിലും ഉണ്ടായിട്ടില്ല. സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുക പതിവാണ്. എന്നാല്‍, സെന്‍സര്‍ കോപ്പി തന്നെ പ്രചരിച്ചിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിച്ചതിനാലാണ് താന്‍ സംഘടനകളില്‍ നിന്ന് രാജിവെച്ചത്. അടിയന്തിരമായി നടപടിടെയുക്കേണ്ട കേസായിരുന്നു ഇത്. എന്നാല്‍, പരാതി നല്‍കി ഒന്നര ആഴ്ച കഴിഞ്ഞിട്ടും കാര്യമായ ചലനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്ന് പറയുന്നില്ല. എന്നാല്‍, ഇടപെടലീന്റെ രീതികള്‍ മാറണം. സംഘടനയില്‍ നിന്ന് പ്രധാനപ്പെട്ട ആളുകള്‍ ബന്ധപ്പെട്ടവരുടെ അടുക്കല്‍ പോയി സംസാരിച്ചിട്ടും എന്തുകൊണ്ടാണ് അടിയന്തര നടപടികള്‍ ഉണ്ടാകാത്തത്. ഇത് സംഘടനയുടെ ശക്തിക്കുറവാണ് വെളിവാക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചലച്ചിത്രത്തിനും സമാനമായ അവസ്ഥയുണ്ടായിരുന്നു. പരാതിയുമായി ഇറങ്ങിയിട്ടും നടപടിയുണ്ടായില്ല. ഇനിയും അതേ രീതിയില്‍ തന്റെ വിധിയാണെന്ന് സമാധാനിച്ചിരിക്കാന്‍ തയ്യാറാല്ല. സിനിമ സംഘടനകളില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതോടെയാണ് ഇത്രയെങ്കിലും നടപടികള്‍ വേഗത്തിലായത്. രാജിവെക്കാനുള്ള തീരുമാനം സമരമുറയായി കണ്ടാല്‍ മതിയെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
കേസില്‍ ആരെയൊക്കെയോ സംരക്ഷിക്കുന്ന തരത്തിലാണ് ആന്റി പൈറസി വിഭാഗത്തിന്റെ അന്വേഷണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വിസ്മയ സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തിയ സംഘം എന്തു കൊണ്ട് അവിടുത്തെ കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുത്തില്ലെന്ന് വ്യക്തമാക്കണം.
സ്റ്റുഡിയോയിലെ കമ്പ്യൂട്ടറുകള്‍ ഐപി വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചാല്‍ ചിത്രത്തിന്റെ പ്രിന്റുകള്‍ എത്തരത്തിലാണ് പുറത്തായതെന്ന് വ്യക്തമാക്കാനാകും. എന്നാല്‍, സിനിമാ ഷൂട്ടിംഗ് പോലെ റെയ്ഡ് എന്ന പ്രഹസനം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ലെങ്കില്‍ കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിട്ട് സമരം തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ന് കൊച്ചിയില്‍ നടക്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.