Connect with us

Kannur

ദേശീയ-സംസ്ഥാനപാതകള്‍ തകര്‍ന്നു; അപകടങ്ങള്‍ പെരുകുന്നു

Published

|

Last Updated

കാസര്‍കോട്: ദേശീയ-സംസ്ഥാനപാതകള്‍ പലയിടങ്ങളിലും തകര്‍ന്നു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ദേശീയപാത അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയിരുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡ് താറുമാറായിക്കഴിഞ്ഞു.
മാവുങ്കാല്‍, പുല്ലൂര്‍, പെരിയ, പെരിയാട്ടടുക്കം, പൊയിനാച്ചി, ചെര്‍ക്കള തുടങ്ങിയ ഭാഗങ്ങളില്‍ ദേശീയപാത തകര്‍ന്ന് വന്‍കുഴികളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടിലും റോഡ് തകര്‍ന്നിട്ടുണ്ട്.
കുമ്പള മുതല്‍ ഉപ്പള വരെ ദേശീയപാതയില്‍ നിറയെ കുഴികളാണ്. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് കുമ്പള ഭാഗത്ത് കുഴിയടച്ചിരുന്നുവെങ്കിലും മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ റോഡിന്റെ തകര്‍ച്ചയും ആരംഭിച്ചു.കുമ്പള പാലത്തിന് മുകളിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുകാരണം പാലത്തിന് മുകളില്‍ ഗതാഗതതടസ്സം പതിവായി മാറിയിരിക്കുകയാണ്.റോഡ് തകര്‍ന്നുതുടങ്ങിയതോടെ ദേശീയപാതയില്‍ അപകടങ്ങളും വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ മരണപ്പെടുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ട്. കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാനപാതയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബേക്കല്‍, കളനാട്, ഉദുമ, പള്ളിക്കര, ചന്ദ്രഗിരി റൂട്ടുകളില്‍ റോഡ് തകര്‍ന്നതുമൂലം അപകടങ്ങളും ഗതാഗതസ്തംഭനങ്ങളും പതിവായിമാറി. കാലവര്‍ഷത്തിന് മുമ്പ് ദേശീയ – സംസ്ഥാനപാതകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താത്തതാണ് ഇങ്ങനെയൊരവസ്ഥയ്ക്ക് കാരണം. റോഡ് അറ്റകുറ്റപ്പണിയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നതായുള്ള ആക്ഷേപവും ശക്തമാണ്.

Latest