കിദൂര്‍, കുണ്ടങ്ങാരടുക്ക സ്വയം പര്യാപ്തതാ ഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങുന്നു

Posted on: July 6, 2015 6:00 am | Last updated: July 5, 2015 at 7:50 pm

കാസര്‍കോട്: മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന കിദൂര്‍ കുണ്ടങ്ങാരടുക്ക സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പി ബി അബ്ദുറസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഒരു കോടി രൂപ ചെലവിലാണ് സ്വയം പര്യാപ്തതതാ ഗ്രാമം പൂര്‍ത്തിയാക്കുന്നത്. അടുത്ത മാസം മൂന്നിന് ഉദ്ഘാടനം നിര്‍വഹിക്കും. നിലവിലുള്ള കുടിവെളള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കും. നിര്‍മാണം പൂര്‍ത്തിയായ ഹാളില്‍ കസേരകളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി ഹാളിന്റെ മുന്‍വശം ഇന്റര്‍ ലോക്ക്‌ചെയ്ത് സൗകര്യം വര്‍ധിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
കല്ല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി കമ്മ്യൂണിറ്റി ഹാളില്‍ ജനറേറ്റര്‍,ടി.വി എന്നിവ അനുവദിക്കും. ജൂലൈ 19ന് രാവിലെ 10മണിക്ക് കുണ്ടങ്ങാരടുക്ക കോളനിയില്‍ സ്വയം പര്യാപ്തതാ ഗ്രാമം ഉദ്ഘാടനത്തിനുളള സംഘാടക സമിതി യോഗം ചേരും. മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും പൊതുജനങ്ങളും യോഗത്തില്‍ സംബന്ധിക്കും. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആള്‍വ, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍ മധു, മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ കിദൂര്‍, റീസര്‍ച്ച് അസിസ്റ്റന്റ് വി സുകുമാര്‍, കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി ബി ബശീര്‍ എന്നിവര്‍ പ്രസംഗിച്ചു.