ശൈഖ് സായിദിന്റെ ഓര്‍മയില്‍ ലോകം

Posted on: July 5, 2015 6:27 pm | Last updated: July 5, 2015 at 6:27 pm

shaikh zayed
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഈ ലോകത്തോട് വിട പറഞ്ഞത്, 2004ലെ റമസാന്‍ 19 (നവംബര്‍ രണ്ട്) നാണ്. യു എ ഇയുടെ ഓരോ അണുവിലും ഇപ്പോഴും ശൈഖ് സായിദ് സ്മരണ തുടിച്ചു നില്‍ക്കുന്നു. യു എ ഇയുടെ സമഗ്ര പുരോഗതിക്ക് വഴിവിളക്കായി ശൈഖ് സായിദിനെക്കുറിച്ചുള്ള ഓര്‍മകളിരമ്പുന്നു.
മരുഭൂമിയെ മലര്‍വാടിയും മനോഹര നഗരങ്ങളുമാക്കുന്നതിന് തുടക്കം കുറിച്ചത് ശൈഖ് സായിദും യു എ ഇയുടെ പ്രഥമ പ്രഥാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമുമാണ്. ഇരുവരുടെയും നേതൃത്വത്തില്‍ ഐക്യഅറബ് എമിറേറ്റ് 1971ല്‍ നിലവില്‍ വന്നു. ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു യു എ ഇ രൂപവത്കരണം.
1918ല്‍ ജനിച്ച ശൈഖ് സായിദ് ചെറുപ്പത്തില്‍ തന്നെ മരുഭൂമിയുടെ ആത്മാവ് കണ്ടറിഞ്ഞിരുന്നു. അറബ് സാംസ്‌കാരികതയുടെ നന്മ ഉള്‍കൊണ്ടിരുന്നു. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നവരെ രക്ഷിക്കുകയും നീരുറവകള്‍ കണ്ടെത്തി ഓരോ പ്രദേശത്തും പ്രതീക്ഷയുടെ നാമ്പുകള്‍ മുളപ്പിച്ചെടുക്കുകയും ചെയ്യുമായിരുന്നു.
1946ല്‍ കിഴക്കന്‍ മേഖലയില്‍ ഭരണ പ്രതിനിധിയായി. അല്‍ ഐനെ ഹരിത സമൃദ്ധിയിലേക്കും വിദ്യാഭ്യാസ വല്‍കരണത്തിലേക്കും നയിച്ചു. അവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു. യു എ ഇയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്. വിദ്യാഭ്യാസവല്‍കരണത്തിലൂടെ മാത്രമെ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ കഴിയൂ എന്ന് ശൈഖ് സായിദ് അന്നേ മനസിലാക്കി.
പ്രകൃതിയോട് മമതയോടെ പെരുമാറണമെന്ന കാഴ്ചപ്പാടായിരുന്നു ശൈഖ് സായിദിന്. പ്രാപ്പിടിയനുകള്‍ക്കും കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും ശൈഖ് സായിദിന്റെ സ്‌നേഹ പരിചരണം ലഭിച്ചു. ഭൂമിയിലെ ജലം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ശൈഖ് സായിദ് ഓര്‍മിപ്പിച്ചു. കിണര്‍ ഉപയോഗങ്ങള്‍ക്കു വ്യവസ്ഥയുണ്ടാക്കി.
1966ലാണ് അബുദാബി ഭരണാധികാരിയാകുന്നത്. അതിനു തൊട്ടുപിന്നാലെ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ എണ്ണയുറവിടങ്ങള്‍ കണ്ടെത്തി. എണ്ണ സമ്പത്ത് അബുദാബിയുടെ ഭാവികാലത്തിന് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപകമാക്കി. റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും യഥേഷ്ടം പണിതു. അവശതയനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പെടുത്തി. അബുദാബിയുടെ നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ എത്തുന്ന വിദേശികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി. ആധുനിക നാഗരികതക്ക് അനിവാര്യമായതെല്ലാം ശൈഖ് സായിദ് അംഗീകരിച്ചു.
ഒരേ സംസ്‌കാരം പേറുന്നവര്‍ക്ക് ഒരൊറ്റ രാജ്യം എന്ന സങ്കല്‍പത്തില്‍ ആകൃഷ്ടമാവുകയും അന്നത്തെ ട്യൂഷ്യല്‍ സ്റ്റേറ്റുകളെ (ഇമാറത്തുകള്‍) ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമിക്കുകയും ചെയ്തു. 1971ലാണ് ഇത് ഫലം കണ്ടത്. യു എ ഇയുടെ ഫലപ്രാപ്തിക്കു വേണ്ടി ഏറ്റവും വിയര്‍പ്പൊഴുക്കിയത് ശൈഖ് സായിദാണ്. നിരവധി ഭരണത്തലവന്‍മാരുമായി നിരന്തര ചര്‍ച്ച വേണ്ടിവന്നു. ഐകമത്യം മഹാബലമെന്ന് ഏവരെയും ഓര്‍മിപ്പിച്ചു.
യു എ ഇയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഏവര്‍ക്കും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. അത്, ജനങ്ങളുടെ ഹൃദയം കവര്‍ന്ന, ദീര്‍ഘ വീക്ഷണമുള്ള, നയതന്ത്രജ്ഞതയുള്ള ശൈഖ് സായിദ്.
അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകള്‍ വികസനത്തിന്റെ പൊന്‍വെളിച്ചത്തില്‍ തിളങ്ങുമ്പോള്‍ ഓരോ ആളിന്റെയുള്ളിലും ആദ്യം തെളിയുന്ന മുഖം ആ മഹാ തേജസ്വിയുടേതാണ്. ലോകത്തിലെ മനോഹര സൗധങ്ങളിലൊന്നായ ശൈഖ് സായിദ് മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാനുഭാവനെ ലോകം ആദരവോടെ എപ്പോഴും ഓര്‍ക്കും.
കെ എം എ