സംസ്ഥാനത്ത് 1113 ബി എസ് എന്‍ എല്‍ വൈഫൈ സ്‌പോട്ടുകള്‍ വരുന്നു

Posted on: July 5, 2015 4:08 am | Last updated: July 5, 2015 at 12:10 am

wi fiതിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 1113 കേന്ദ്രങ്ങളില്‍ ബി എസ് എന്‍ എല്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി കൊച്ചിയിലും കോഴിക്കോട്ടുമായി 13 കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഏഴിന് നിലവില്‍ വരും. ലാന്‍ഡ് ഫോണുകള്‍ പ്രീപെയ്ഡ് ഏര്‍പ്പെടുത്തുമെന്നും ബേങ്ക് അക്കൗണ്ടില്ലാത്തവരെ പണം കൈമാറ്റത്തിന് സഹായിക്കുന്ന മൊബൈല്‍ വാലറ്റ് സ്പീഡ് പേ, സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാസം പത്ത് രൂപക്ക് വാര്‍ത്തയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ബി എസ് എന്‍ എല്‍ ബസ് ആപ്ലിക്കേഷന്‍ തുടങ്ങിയവയും ഉടന്‍ കേരളത്തില്‍ ലഭ്യമാകുമെന്നും റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ വാരത്തിന്റെ വിവിധ ഓഫറുകളും വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് വൈഫൈ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു. വൈഫൈ സംവിധാനം ഒരുക്കുന്നത് മൂലമുള്ള സുരക്ഷാപ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പേഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും. ഓണ്‍ലൈനായും റീച്ചാര്‍ജ് കൂപ്പണ്‍ വഴിയും ഉപഭോക്താക്കള്‍ക്ക് വൈഫൈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.
തിരുവനന്തപുരത്ത് 135 വൈഫൈ കേന്ദ്രങ്ങളും 585 ആക്‌സസ് പോയിന്റുകളും ഉണ്ടാകും. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രം, കോവളം ബീച്ച്, ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ 135 ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച സര്‍വേ തുടരുകയാണ്. ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ , ഫൈബര്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടാകണം. അത് ഒരുക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. അതിനാലാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഈ സംവിധാനം ആരംഭിക്കാന്‍ കഴിയാത്തതെന്നും വിദൂര ഭാവിയില്‍ തന്നെ അത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി എസ് എന്‍ എല്‍ കവറേജ് കൂട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഫണ്ട് അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസവും പ്രതികൂലമായ കാലാവസ്ഥയും പലപ്പോഴും ശരിയായ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തടസ്സമാകുന്നുണ്ട്. എന്നാലും ബി എസ് എന്‍ എല്ലിനോട് ഉപഭോക്താകള്‍ക്ക് വിശ്വാസ്യത ഉണ്ടെന്നാണ് കണക്ഷന്‍ കൂടുന്നതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 103 3 ജി, 50 2 ജി സൈറ്റുകള്‍ കമീഷന്‍ ചെയ്യും. രാത്രി കാലങ്ങളില്‍ അണ്‍ലിമിറ്റഡ് കോളിംഗ് സംവിധാനം നിലവില്‍ വന്നതോടെ ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈന്‍ ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. പലരും വീണ്ടും ബി എസ് എന്‍ എല്ലിലേക്ക് മടങ്ങിവരികയാണ്. നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്. ഹൈ സ്പീഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേന എല്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കാന്‍ കഴിഞ്ഞ ആദ്യ ജില്ലയായി ഇടുക്കി മാറി. ഇത്തരത്തിലുള്ള കണക്ടിവിറ്റിയുള്ള ആദ്യത്തെ സംസ്ഥാനമാണ് കേരളം. പഴയ ഡിജിറ്റല്‍ സര്‍ക്യൂട്ട് സ്വിച്ചസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.