മോഷ്ടാവിന്റെ വെട്ടേറ്റ് യുവാവിന് പരിക്ക്

Posted on: July 5, 2015 5:42 am | Last updated: July 4, 2015 at 10:42 pm

മാനന്തവാടി: മോഷണശ്രമത്തിനിടെ മോഷ്ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച യുവാവിന് വെട്ടേറ്റു. വാളാംതോട് ഫോറസ്റ്റ് സ്‌റ്റേഷന് സമീപം അങ്ങാടിപ്പറമ്പത്ത് റഷീദ് (28)നാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മൂന്ന് അംഗ സംഘം വീട് ചവിട്ട് പൊളിച്ച് റഷീദിന്റെ വീടിനകത്ത് കയറി. ഒരാള്‍ റഷീദിന്റെ ഉമ്മ ഫാത്തിമയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി 12 പവനും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാളെ മല്‍പ്പിടുത്തത്തിലൂടെ റഷീദ് കീഴടക്കിയിരുന്നു. ഈ സമയത്ത് പുറത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു മോഷ്ടാവ് തിരിച്ചെത്തി റഷീദിനെ വെട്ടുകയായിരുന്നു. ഇതിന് ശേഷം സംഘം ഓടിമറഞ്ഞു. റഷീദിന്റെ വലതുകാലിനാണ് ആഴത്തില്‍ രണ്ട് വെട്ടേറ്റത്. 12 തുന്നിക്കെട്ടുമായി റഷീദ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് റഷീദിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. വീടിന് സമീപത്തെ ഫാത്തിമയുടെ പെട്ടിക്കടയും കുത്തിപ്പൊളിച്ചിട്ട നിലയിലാണ്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ സെന്റ് ഏലിയാസ് പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും പള്ളിക്ക് അകത്തുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും തിരുവോസ്തി നശിപ്പിക്കുകയും ചെയ്തത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞും മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.