പ്രധാന പദ്ധതികളെല്ലാം പൂര്‍ത്തീകരണ ഘട്ടത്തില്‍: മന്ത്രി കെ സി ജോസഫ്‌

Posted on: July 4, 2015 10:57 am | Last updated: July 4, 2015 at 10:57 am

മണ്ണാര്‍ക്കാട്: വികസനവും കരുതലുമെന്ന മുദ്രാവാക്യം പ്രായോഗിക വല്‍ക്കരിച്ച സര്‍ക്കാറാണിതെന്നും സംസ്ഥാനത്ത് തുടങ്ങിവെച്ച പ്രധാന പദ്ധതികളെല്ലാം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്ക് ഓഫീസ്, വനിതാ വ്യവസായ കോംപ്ലക്‌സ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം തടസ്സങ്ങളെല്ലാം നീക്കി ജനുവരിയില്‍ പ്രാവര്‍ത്തികമാവുമെന്നും കണ്ണൂര്‍ വിമാന താവളത്തില്‍ ഡിസംബര്‍ 31നകം വിമാനമിറങ്ങുമെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും തുല്യ പങ്കാണ് നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്ന ചരിത്രപരമായ പ്രത്യേകതയും ഈ സര്‍ക്കാറിനുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഫണ്ടിന്റെ അഭാവം കൊണ്ട് നിലക്കില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. ചടങ്ങില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
അസി.എക്‌സി. എന്‍ജിനീയര്‍ സി അനില കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി വിജയദാസ് എം എല്‍ എ, വൈസ്പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഫീക്ക് കുന്തിപ്പുഴ, കെ സുകുമാരി, സീന ജോസഫ്, തിരുത്തുമ്മല്‍ സരേജനി, സി.പി മുഹമ്മദലി, തെക്കന്‍ അസ്മാബി, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരായ റഫീക്ക പാറോക്കോട്ടില്‍, പി.അഹമ്മദ് അഷറഫ്, എന്‍. ഹംസ, ജനപ്രതിനിധികളായ ഹസ്സന്‍ മാസ്റ്റര്‍, യൂസഫ് പാലക്കല്‍, ഹുസൈന്‍ കോളശ്ശേരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എ സലാം മാസ്റ്റര്‍, അഡ്വ. ജോസ് ജോസഫ്, അയ്യപ്പന്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി മോഹനന്‍ നന്ദിയും പറഞ്ഞു.