കെടുതികളില്‍ നിന്ന് മുക്തമാകാതെ തീരദേശ മേഖല

Posted on: July 4, 2015 6:00 am | Last updated: July 4, 2015 at 12:54 am
SHARE
2. sraayikkad ayurvedha aasupathri
ശ്രായിക്കാട്ടെ കാലപ്പഴക്കം ബാധിച്ച് നശിക്കുന്ന ആയുര്‍വേദ ആശുപത്രി

കൊല്ലം: കൊല്ലം ജില്ലയിലെ ആലപ്പാട്ട് 132 പേരുടെയും ആറാട്ട്പുഴയില്‍ 34 പേരുടെയും ദാരുണ മരത്തിനിടയാക്കിയ സുനാമി ദുരന്തം നടന്ന് 10 വര്‍ഷം പിന്നിടുമ്പോഴും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളൊന്നും ലക്ഷ്യം കണ്ടില്ല. തീരദേശം ശാശ്വതമായും ശാസ്ത്രീയമായും ഇനിയും സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഇത് സംബന്ധിച്ച് തീരദേശ സംരക്ഷണ സമിതി നടത്തിയ പഠനത്തില്‍ കണ്ടെത്തി. 1441.75 കോടി രൂപയാണ് സുനാമി ദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, ഈ തുക അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.
സുനാമി ദുരന്തം ഏറ്റവുമധികം നാശം വിതച്ച ആലപ്പാട് പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്ക് വേണ്ടി 72 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഇതുവരെയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇപ്പോള്‍ കെട്ടിടം കാട് കയറി നശിക്കുകയാണ്. തീരദേശ മേഖലയിലെ പരമ്പരാഗത ചികിത്സാ കേന്ദ്രം സുനാമിയില്‍ തകര്‍ന്നിട്ടും ഡിസ്‌പെന്‍സറിയുടെ കെട്ടിടത്തിന് സുനാമി ഫണ്ടില്‍ നിന്ന് തുകയൊന്നും അനുവദിച്ചിട്ടില്ല. ഇത് കിടത്തി ചികിത്സിക്കാനുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആവശ്യമാണ്. ഓള്‍ ഇന്ത്യാ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഡിസ്‌പെന്‍സറിക്ക് കെട്ടിടം നിര്‍മിച്ച് നല്‍കി. ഇത് നാടിന് സമര്‍പ്പിക്കുന്ന വേളയില്‍ ആശുപത്രിയായി ഉയര്‍ത്തുമെന്ന് ഉദ്ഘാടകനായ അന്നത്തെ ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ആലപ്പാട്ടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 1,39,50,000 രൂപ ചെലവില്‍ നവീകരിച്ചെങ്കിലും ഇതുവരെയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇത് ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ സമര പാതയിലാണ്. ആറാട്ടുപുഴ തറയില്‍കടവിലെ ഫിഷറീസ് ആശുപത്രിയില്‍ രാവിലെ 10 മുതല്‍ 11 വരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. ടി എസ് കനാലിന്റെ സംരക്ഷണത്തിന് ജലസേചന വകുപ്പ് 16,47,84,000 രൂപ അനുവദിച്ചെങ്കിലും ഈ തുക വക മാറ്റി ചെലവഴിക്കുകയാണുണ്ടായത്. ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കണമെന്ന തീരദേശ ജനതയുടെ ആവശ്യത്തിന് ഇതുവരെയും ചിറക് മുളച്ചിട്ടില്ല. മദ്രാസ് ഐ ഐ ടിയുടെ പരീക്ഷണാര്‍ഥം നാല് പുലിമുട്ടുകള്‍ അഴീക്കലില്‍ നിര്‍മിക്കുകയും അതിന് അനുബന്ധമായി പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന് പകരം തികച്ചും അശാസ്ത്രീയമായി രണ്ട് കിലോമീറ്റര്‍ പ്രദേശം (ശ്രായിക്കാട്) ഒഴിവാക്കി നിര്‍മിച്ചതുമൂലം മറ്റ് പ്രദേശങ്ങള്‍ കടലാക്രമണത്തിന് വിധേയമാവുകയുമാണ്. പൊതുസ്ഥാപനങ്ങളായ ശ്രായിക്കാട് ഗവ. ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂള്‍, ശ്രായിക്കാട് ആയുര്‍വേദ ഡിസ്‌പെന്‍സറി, ദുരന്തത്തില്‍ തകര്‍ന്ന്‌പോയ ശ്രായിക്കാട് ശ്രീ പരമേശ്വരം ക്ഷേത്രം, ഓച്ചിറ കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ചിരിക്കുന്ന മെയിന്‍ പൈപ്പ് ലൈന്‍, അഴീക്കല്‍, വെള്ളനാതുരുത്ത് റോഡ് എന്നിവ അപകട നിലയിലാണ്. കടല്‍ഭിത്തി നിര്‍മിച്ചതില്‍ പോലും വന്‍ക്രമക്കേടാണ് നടന്നത്. തീരസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഈ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തീരസംരക്ഷണത്തിന് കോടികള്‍ മുടക്കിയിട്ടും കായലും കടലും തമ്മില്‍ അധികം ദൂരമില്ലാത്ത ആലപ്പാട് കാക്കത്തുരുത്ത്, ശ്രായക്കാട് ഭാഗത്തെ സംരക്ഷിക്കാന്‍ പോലും ഇതുവരെയും സാധിച്ചിട്ടില്ല. ദുരന്തത്തില്‍ തകര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും കടലാസിലൊതുങ്ങുകയാണ്. പണ്ടാരത്തുരുത്ത് ഗവ. എല്‍ പി സ്‌കൂള്‍ യു പി ആക്കി ഉയര്‍ത്താന്‍ നടപടിയായിട്ടില്ല. ചെറിയഴീക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിലാണ്. കുട്ടികള്‍ ഇതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് 30 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും വൈദ്യുതിയും ചുറ്റുമതിലും യാഥാര്‍ഥ്യമായിട്ടില്ല.
സുനാമിയില്‍ തകര്‍ന്ന ശ്രായക്കാട് എച്ച് ഡബ്ല്യു എല്‍ പി സ്‌കൂളിന് സുനാമി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഇതുവരെയും നടപടിയായിട്ടില്ല. കുട്ടികളുടെ ദുരവസ്ഥ കണ്ട് വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. അടഞ്ഞുകിടക്കുന്ന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഇതുവരെയും പ്രവര്‍ത്തന സജ്ജമായിട്ടില്ല. തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. 104 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം യു പി ആയി ഉയര്‍ത്താനും നടപടിയുണ്ടായിട്ടില്ല. സുനാമി ദുരന്ത മേഖലയിലെ കുട്ടികള്‍ക്ക് 2007ല്‍ 10 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നുവെങ്കിലും ഇത് കൃത്യമായി വിതരണം ചെയ്യുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പാട് പഞ്ചായത്തില്‍ 27 അങ്കണ്‍വാടികളാണ് ആകെയുള്ളത്. ഇതില്‍ നാല് അങ്കണ്‍വാടികള്‍ക്ക് ഇനിയും സ്വന്തം കെട്ടിടം നിര്‍മിച്ചിട്ടില്ല.