ശ്രീലങ്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെ മത്സരിച്ചേക്കും

Posted on: July 3, 2015 6:00 am | Last updated: July 3, 2015 at 12:17 am

mahinda_rajapaksa_pressകൊളംബോ: മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ അടുത്ത തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയിലേക്ക്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ച് പുതിയ സര്‍ക്കാര്‍ രൂപപ്പെടുത്തുമെന്ന് മഹിന്ദ രജപക്‌സെ പറഞ്ഞു. ദക്ഷിണ മെദാമുലാനയിലെ അദ്ദേഹത്തിന്റെ വീടിനടുത്ത് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ സ്വന്തം പാര്‍ട്ടിക്കാരനായ മൈത്രിപാല സിരിസേന പരാജയപ്പെടുത്തിയതിന് പിറകെയാണിത്. പത്ത് വര്‍ഷത്തോളം രജപക്‌സെ നയിച്ച യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സി (യു പി എഫ് എ)ലെ അംഗവും ഇപ്പോള്‍ ശ്രീലങ്കന്‍ പ്രസിഡന്റുമായ സിരിസേന, പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുമെന്ന രജപക്‌സെയുടെ അവകാശ വാദത്തെ തള്ളിക്കളഞ്ഞു. അതേസമയം രജപക്‌സെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത് പാര്‍ട്ടിയുടെ പിന്തുണയോടെയെന്നോ സ്വന്തം നാമനിര്‍ദേശം നല്‍കിയാണോ എന്നോ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ കീഴില്‍ മത്സരിക്കാന്‍ സിരിസേന അനുവദിച്ചില്ലെങ്കില്‍ രജപക്‌സെ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മത്സരിക്കണമെന്ന ജനങ്ങളുടെ അപേക്ഷ ഞാന്‍ സ്വീകരിക്കുന്നതായി രജപക്‌സെ വ്യക്തമാക്കി.