സ്‌കൂള്‍ പരിസരങ്ങളിലെ പൂവാലശല്യം പോലീസ് ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനം

Posted on: July 2, 2015 9:59 am | Last updated: July 2, 2015 at 9:59 am

പാലക്കാട്: സ്‌കൂള്‍ പരിസരങ്ങളിലെ പൂവാല ശല്യം പോലീസിന്റെ ശ്രദ്ധയില്‍പെടുത്താനും, സ്‌കൂള്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാനും, ജില്ലാ പോലീസ് മേധാവി എച്ച് മഞ്ജുനാഥിന്റെ അധ്യക്ഷതയില്‍ ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലയിലെ പ്രിന്‍സിപ്പല്‍മാരുടേയും പ്രധാനധ്യാപകരുടേയും യോഗം തീരുമാനിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരി വിമുക്തമാക്കുക, ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുക, മൊബൈല്‍ ദുരുപയോഗം തടയുക എന്നിവ ലക്ഷ്യമിട്ട് ജില്ലാ പോലീസ് ഓഫീസിലാണ് യോഗം ചേര്‍ന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി എസ് മുഹമ്മദ് കാസിം, നര്‍ക്കോട്ടിക്‌സെല്‍ ഡി വൈ എസ് പി എസ് ഷാനവാസ് തുടങ്ങിയവരും വിവിധ വിദ്യാലയങ്ങളിലെ 160 ഓളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.