Connect with us

Kozhikode

അറിവുകള്‍ അന്ധവിശ്വാസമെന്ന് ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച കള്ളം: കെ ജയകുമാര്‍

Published

|

Last Updated

കോഴിക്കോട്: നാടന്‍ അറിവുകളൊക്കെ അന്ധവിശ്വാസമാണെന്നും പരിഷ്‌ക്കാരമാണ് അറിവെന്നും ബ്രിട്ടീഷുകാര്‍ നമ്മെ പറഞ്ഞുപഠിപ്പിച്ച കള്ളമാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍. ഈ വര്‍ഷത്തെ സ്‌കൂള്‍ ഫോക്‌ലോര്‍ ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാടന്‍ സമം അപരിഷ്‌കൃതം എന്ന ചിന്ത ഇപ്പോഴും നമ്മുടെ ബോധമണ്ഡലത്തെ വിടാതെ പിന്തുടരുന്നുണ്ട്. തലമുറ തലമുറകളായി കര്‍ഷകന് കൈമാറിക്കിട്ടിയ അറിവുകള്‍ക്ക് നേരെ നാം മുഖം തിരിച്ചിട്ടുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖ പ്രസിദ്ധീകരിച്ച് ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇംഗ്ലീഷാണ് പുരോഗതിക്കടിസ്ഥാനം എന്ന കാഴ്ചപ്പാട് നമ്മെ ഭരിക്കുകയാണ്. മലയാളത്തെ മറക്കുന്നവര്‍ പാരമ്പര്യങ്ങളേയും അത് കൈമാറിയ സമൃദ്ധമായ അറിവുകളേയുമാണ് മറക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നാം ദരിദ്ര രാജ്യമായിരിക്കാം. എന്നാല്‍ ചിരപുരാതനമായ അറിവുകളുടെ അക്ഷയഖനി നമുക്കുണ്ട്. ഇതുവെച്ചു നോക്കുമ്പോള്‍ സാംസ്‌കാരിക സമ്പന്നതയുടെ ഉച്ചിയിലാണ് നമ്മുടെ സ്ഥാനമെന്നും ജയകുമാര്‍ പറഞ്ഞു.
ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പ്രദീപ്കുമാര്‍, വൈസ്‌ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് അംഗങ്ങളായ ഒ എം കരുവാരകുണ്ട,് ഇന്ദുമേനോന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, സിസ്റ്റര്‍ സന്തോഷ് മറിയ,കെ പ്രസീത, അജിത് വല്ലപ്പന പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി എസ് സുജയ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജയശ്രീ നന്ദിയും പറഞ്ഞുനാടന്‍

Latest