മഴ കനത്തു; റമസാനില്‍ പഴ വിപണി താഴോട്ട്

Posted on: July 2, 2015 9:06 am | Last updated: July 2, 2015 at 9:06 am

FRUITS
കോഴിക്കോട്: റമസാന്‍ കാലത്തെ തീന്‍മേശയിലെ മുഖ്യവിഭവമായ പഴങ്ങള്‍ക്ക് ഇത്തവണ പ്രിയം കുറഞ്ഞു. റമസാനോടൊപ്പം മഴകൂടിയെത്തിയതോടെയാണ് പഴങ്ങള്‍ക്കുള്ള താത്പര്യം കുറഞ്ഞത്.
എക്കാലത്തും വന്‍ വിപണിയാണ് പഴങ്ങള്‍ക്ക് റമസാന്‍ കാലത്ത് ഉണ്ടായിരുന്നത്. നോമ്പുകാരന്റെ തീന്‍മേശയിലെ പഴങ്ങള്‍ വിപണികളില്‍ എന്നും സജീവമാണ്. എത്രവിലകൊടുത്താലും പഴങ്ങള്‍ വാങ്ങിക്കുന്നതാണ് പതിവ് കാഴ്ചകളും. എന്നാല്‍ നോമ്പിനോടൊപ്പം മഴ തകര്‍ത്തു പെയ്തതോടെ തീന്‍മേശകളില്‍ നിന്ന് പഴങ്ങള്‍ അപ്രത്യക്ഷമായി. വറുത്തതും പൊരിച്ചതുമടങ്ങുന്ന വിഭവങ്ങളില്‍ നിന്ന് പഴങ്ങള്‍ അകന്നുപോയി.
റമസാന്റെ മുമ്പുണ്ടായിരുന്ന വിലകളില്‍ നിന്ന് പഴങ്ങള്‍ക്ക്്് വില കുറയുകയും ചെയ്തു. കിലോക്ക്്് 150 രൂപയുണ്ടായിരുന്ന ആപ്പിളിനിപ്പോള്‍ 100 രൂപയാണ് വില. മുന്തിരി-30, മാങ്ങ-25, വത്തക്ക-15 എന്നിങ്ങനെയാണ് മറ്റു വിലകള്‍.
പഴങ്ങളെപ്പോലെ തന്നെ പച്ചക്കറി വിപണിയും മങ്ങലില്‍ തന്നെ. റമസാന്റെ തുടക്കത്തില്‍ കത്തിനിന്ന വില രണ്ടാഴ്ചക്കിപ്പുറം താഴ്ന്ന നിലയിലാണ്. അതിനിടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ വിഷാംശ പരിശോധന കര്‍ശനമാക്കിയതോടെ പച്ചക്കറിവില ഉയര്‍ന്നു. എന്നാല്‍ സ്ഥിതി വീണ്ടും പഴയപോലെതന്നെയായി. വില സാധാരണ നിലയിലാവുകയും ചെയ്തു. സവാള, തക്കാളി, പച്ചമുളക് തുടങ്ങിയവയാണ് റമസാന്‍ കാലങ്ങളില്‍ ഏറെ ചിലവാകുന്ന ഇനങ്ങളെന്നാണ് വ്യാപാരികള്‍ പറയുന്നത്.