Connect with us

Kerala

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം; അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റശ്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പി ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് തെളിഞ്ഞാല്‍ തിരുത്താന്‍ ദൃശ്യമാധ്യങ്ങള്‍ തയ്യാറാവുന്നില്ല. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായാല്‍ മുന്‍കാലങ്ങളില്‍ നിഷേധക്കുറിപ്പ് ഇറക്കുമായിരുന്നു. ഇപ്പോള്‍ മാധ്യമ മാനേജ്‌മെന്റുകള്‍ അതിന് തയ്യാറാവുന്നില്ല. പത്രമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നിഷേധക്കുറുപ്പ് ഇറക്കാറുണ്ട്. പൊതുപ്രവര്‍ത്തകരെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് കരുതലുണ്ടാവണം. വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനുള്ള സാമാന്യമര്യാദ കാണിക്കണം. റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ്‌കുമാറിനെ മര്‍ദിച്ചതായോ പരുക്കേറ്റതായോ പരാതി ലഭിച്ചിട്ടില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായിരുന്നവര്‍ കൂകിവിളിക്കുക മാത്രമാണ് ചെയ്തത്. സംഭവസ്ഥലത്തുനിന്ന് പോലീസ് സംരക്ഷണവലയത്തിലാണ് നികേഷ്‌കുമാറിനെ കാറില്‍കയറ്റി മടക്കിയത്. തമ്പാനൂര്‍ സി ഐയോട്് നികേഷ്‌കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നികേഷ്്കുമാര്‍ പരാതി നല്‍കിയാല്‍ പോലീസ് കേസെടുക്കും. തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കെ പി സി സി യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരാമര്‍ശമുണ്ടായത് സംബന്ധിച്ച് നികേഷ്‌കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് ഡി ജി പിക്ക് കൈമാറി. പരാതി ഇപ്പോള്‍ സൈബര്‍സെല്‍ അന്വേഷിച്ചുവരികയാണ്. കെ പി സി സി ക്ക് ഇത്തരമൊരു വെബ്‌സൈറ്റില്ല.
സുപ്രീംകോടതി വിധിയനുസരിച്ച് നവമാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ യുടെ ഓഫീസിന് നേരെയും യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തിന് നേരെയും കല്ലേറുണ്ടായി. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി

---- facebook comment plugin here -----