Connect with us

Gulf

വിമാനയാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ പിടിവീഴുമ്പോള്‍

Published

|

Last Updated

എയര്‍ ഇന്ത്യയില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് എട്ടുകിലോയായി നിയന്ത്രിക്കുന്നത് ഇന്ന് നിലവില്‍ വരുകയാണ്. ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്നു മുതല്‍ എട്ടുകിലോയില്‍ കൂടുതലാണെങ്കില്‍ ഓരോ കിലോയ്ക്കും 60 ദിര്‍ഹം വീതം നല്‍കണമെന്നാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മാനേജര്‍ പ്രേംസാഗര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നിര്‍ദേശമാണ്. ഇവിടെയുള്ള ഉദ്യോഗസ്ഥരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ദുബൈയിലും ഏതാനും ദിവസത്തിനകം നിബന്ധന പ്രാബല്യത്തില്‍ വരും. അത് കൊണ്ട്, ഹാന്‍ഡ് ബാഗേജില്‍ സാധനങ്ങള്‍ നിറക്കുന്നതും ഡ്യൂട്ടി ഫ്രീയില്‍ നിന്ന് പരിധിയിലധികം വാങ്ങി കൈയിലേറ്റി വിമാനത്തില്‍ കയറുന്നതും കീശകാലിയാക്കും.
വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പുള്ള ബോഡിംഗ് കവാടത്തില്‍ പ്രതിനിധികളെ നിര്‍ത്തിയാണ് ഹാന്‍ഡ് ബാഗേജിന്റെ തൂക്കം നോക്കുക. അവരോട് തകര്‍ക്കിച്ചിട്ട് കാര്യമില്ല. സ്വയം നിയന്ത്രണം പാലിക്കുകയേ നിര്‍വാഹമുള്ളു.
നിലവില്‍, 30 കിലോ ലഗേജിനു പുറമെ കൈയില്‍ ഒരു ഹാന്‍ഡ് ബേഗും ആകാമെന്നത് പലരും ചൂഷണം ചെയ്യാറുണ്ട്. 15 കിലോവരെ കുത്തിനിറച്ച് ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകും. ഡ്യൂട്ടി ഫ്രീ കടയില്‍ നിന്ന് നിരവധി സാധനങ്ങള്‍ വാങ്ങി പ്ലാസ്റ്റിക് കവറിലാക്കി, അതും ബേഗിനൊപ്പം വിമാനത്തില്‍ കയറ്റും. ഇതിനാണ് കടിഞ്ഞാണ്‍ വീഴുന്നത്.
എന്നാല്‍, ലഗേജ്, പരിധി 30 കിലോയില്‍ നിന്ന് 40 കിലോ ആക്കിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുമായിരുന്നു. പാക്കിസ്ഥാനിലേക്കുള്ള വിമാനങ്ങള്‍ 50 കിലോ വരെ അനുവദിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പോകുന്നവരായത് കൊണ്ട് ഉറ്റവര്‍ക്ക് സമ്മാനങ്ങളും വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങളും കൊണ്ടുപോകുന്നത് ഇന്ത്യക്കാരായാലും പാക്കിസ്ഥാനികളായാലും ഒരേ പോലെ, ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ മാത്രമാണ് ഇതില്‍ കടുംപിടുത്തം കാണിക്കുന്നത്.
ഹാന്‍ഡ് ബാഗില്‍ അത്യാവശ്യം വസ്ത്രങ്ങളും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള അനിവാര്യ സാധനങ്ങളും നിറച്ചാല്‍ തന്നെ എട്ടുകിലോയിലധികമാകും. ഈ സാഹചര്യത്തില്‍, രണ്ടു കിലോയെങ്കിലും കൂട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെ.
എട്ടു കിലോയ്ക്ക് പുറമെ ലേഡീസ് ഹാന്‍ഡ് ബേഗ്, ബ്ലാങ്കറ്റ്, ക്യാമറ, ലാപ്‌ടോപ്പ്, പുസ്തകങ്ങള്‍, വീല്‍ചെയര്‍ തുടങ്ങി അത്യാവശ്യ സാധന സാമഗ്രികള്‍ കുറഞ്ഞയളവില്‍ ആകാമെന്നതാണ് ആശ്വാസം. എന്നാലും ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പാല്‍പൊടിയും തേയിലയും സുഗന്ധ ദ്രവ്യങ്ങളും മിഠായികളും വാങ്ങുന്നവരെ തടയുന്നത് അല്‍പം കടന്ന കൈയാണ്. ഡ്യൂട്ടി ഫ്രീയിലെ വ്യാപാരം കുറയാന്‍ ഇത് ഇടയാക്കും.
എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് എയര്‍ ലൈനറുകളും നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുമെന്നു വേണം കരുതാന്‍. അതേസമയം യാത്രക്കാര്‍ക്ക് വേണ്ടി നിരക്ക് കുറക്കാനോ മറ്റ് സൗകര്യങ്ങള്‍ കൂട്ടാനോ ഇവരാരും ഒരുക്കവുമല്ല.

Latest