ബലാല്‍സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുന്നത് തെറ്റ്: സുപ്രീംകോടതി

Posted on: July 1, 2015 1:30 pm | Last updated: July 1, 2015 at 10:56 pm

supreme courtന്യൂഡല്‍ഹി: ബലാല്‍സംഗക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. സ്ത്രീയുടെ ശരീരം അവളുടെ അമ്പലമാണ്. കോടതി മധ്യസ്ഥന്റെ പണിയെടുക്കുന്നത് ഗുരുതരമായ തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

ഇത്തരം നീക്കങ്ങള്‍ സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള ഒരു ബലാല്‍സംഗക്കേസില്‍ കീഴ്‌ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരെ സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ബലാല്‍സംഗക്കേസിലെ ഇരയോട് പ്രതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒത്തുതീര്‍പ്പിന് നിര്‍ദേശിക്കുന്ന കോടതി നടപടി ഈ വിഷയത്തിലുള്ള അവബോധമില്ലായ്മയാണ് കാണിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അവബോധമില്ലായ്മയാണ് ഉണ്ടായത്. പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി.