ലോകത്തിലെ ഏറ്റവും വലിയ ഫെറി വീല്‍ ഒരുങ്ങുന്നു

Posted on: June 30, 2015 9:46 pm | Last updated: June 30, 2015 at 9:46 pm

3616161709ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫെറി വീല്‍ ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ദുബൈ ഐയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നിര്‍മാണ പദ്ധതിയും ആരംഭിച്ചിരിക്കുന്നത്. 600 കോടി ദിര്‍ഹം ചെലവഴിച്ച് നടപ്പാക്കുന്ന ബ്ലൂവാട്ടേഴ്‌സ് ഐലന്റിലാണ് ഫെറി വീല്‍ നിര്‍മിക്കുന്നത്. ഫെറി വീലില്‍ 80 മീറ്റര്‍ ഡിജിറ്റല്‍ സ്‌ക്രീനും സജ്ജമാക്കും.
പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനും പരസ്യം പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പുകള്‍ നല്‍കാനുമാവും ഇത് ഉപയോഗപ്പെടുത്തുക. ദ്വീപില്‍ നിര്‍മാണത്തിന്റെ ഭാഗമായി നിരവധി ക്രെയിനുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ ഭാഗമെന്ന നിലയില്‍ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കാനായി പണിയുന്ന മുഖ്യ പാലങ്ങളുടെ പണിയാണ് നടന്നുവരുന്നത്. ഈ മാസം പദ്ധതിക്കായി 47.5 കോടി ദിര്‍ഹം ആര്‍ ടി എ അനുവദിച്ചിരുന്നു. 1,400 മീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ക്ക് പോകാനും വരാനുമായി രണ്ട് പാലങ്ങളാണ് ദ്വീപിനെ കരയുമായി ബന്ധിപ്പിക്കാന്‍ യാഥാര്‍ഥ്യമാക്കുക. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കുന്ന പാലങ്ങള്‍ക്ക് 26 മീറ്റര്‍ വീതിയുണ്ടാവുമെന്ന് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഹബ്ത്തൂര്‍ ലൈറ്റണ്‍ ഗ്രൂപ്പ് വ്യക്തമാക്കി.
210 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ദുബൈ ഐ കെട്ടിടത്തില്‍ നിന്ന് ദുബൈയുടെ മുഖ്യ കാഴ്ചകളായ ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ബുര്‍ജ് ഖലീഫ തുടങ്ങിയ തീരത്തോട് ചേര്‍ന്നവയുടെ മനോഹര ദൃശ്യം കാണാനാവും.
പദ്ധതിയുടെ ഭാഗമായി പണിയുന്ന പ്രൈവറ്റ് ഒയാസിസ് ഇന്‍ ദ സ്‌കൈ നിര്‍മിതിയില്‍ 48 ആഡംബര മുറികളാണുണ്ടാവുക. ക്യാപ്‌സ്യൂള്‍ മാതൃകയില്‍ പണിത ഇവയില്‍ 1,400 പേര്‍ക്ക് സന്ദര്‍ശനം നടത്താനാവും. ആളുകള്‍ക്ക് ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ പങ്കിടാന്‍ ആവശ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം.