കടലിനെ പേടിച്ച് തീരദേശം; വീടുകള്‍ നിലം പൊത്തി

Posted on: June 27, 2015 5:19 am | Last updated: June 27, 2015 at 12:20 pm

പൊന്നാനി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കടല്‍ അതിന്റെ രൗദ്രഭാവം പുറത്തെടുത്ത് തുടങ്ങി. ഇതോടെ ദുരിതത്തിലായത് തീരദേശ നിവാസികളുടെ ജീവിതമാണ്. ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ കടല്‍ഭിത്തികള്‍ മറികടന്ന് തീരത്തേക്ക് ആഞ്ഞടിക്കുന്നത് തീരദേശത്തെ വീടുകളിലേക്കാണ്. ജീവിത സമ്പാദ്യം പൂര്‍ണ്ണമായും ഏത് നിമിഷവും കടലെടുക്കുന്നതും കാത്തു കഴിയുകയാണ് അവര്‍. പാലപ്പെട്ടി കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴിമുഖം വരെയുളള തീരദേശം കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ കടലാക്രമണത്തിന്റെ പിടിയിലാണ്. കലിതുളളി വരുന്ന തിരമാലകള്‍ക്കൊപ്പം തീരത്ത് വീശിയടിക്കുന്ന കാറ്റ് കടലോരവാസികളുടെ നെഞ്ചിടിപ്പ് കുത്തനെകൂട്ടുന്നു. വലിയ നാശനഷ്ടമാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി തീരദേശം നേരിട്ടുകൊണ്ടിരിക്കുന്നത്.
പാലപ്പെട്ടി മേഖലയില്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കടല്‍ പത്തുമീറ്ററോളം തീരത്തേക്ക് കയറിയിട്ടുണ്ട്. വ്യാപകമായ രീതിയിലുള്ള മണ്ണൊലിപ്പാണ് ഈ മേഖലയില്‍ നേരിടുന്നത്. ഇരുപതോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകി. കഴിഞ്ഞ വര്‍ഷം കടലാക്രമണം നേരിട്ട വീടുകള്‍ ഇത്തണവത്തെ കടലേറ്റത്തില്‍ പൂര്‍ണ്ണ തകര്‍ച്ച നേരിട്ടു. പൊന്നാനി മുറിഞ്ഞഴി മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. ജനവാസ കേന്ദ്രമായ ഈ മേഖലയില്‍ കടലിന്റെ പ്രക്ഷുബ്ധത കടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്. ഒട്ടുമിക്ക ഭാഗത്തും കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. കടല്‍ഭിത്തി തകര്‍ത്ത ഭാഗങ്ങളിലെ കല്ല് വ്യാപകമായി കടലിലേക്ക് ഒലിച്ചുപോവുകയാണ്. ഭിത്തിയോട് ചേര്‍ന്നുള്ള ഒട്ടുമിക്ക വീടുകളും തകര്‍ച്ച നേരിടുന്നു. പൊന്നാനി മേഖലയില്‍ കടല്‍ഭിത്തി നേരത്തെ തന്നെ തകര്‍ച്ചയെ നേരിട്ടിരുന്നു. അറ്റകുറ്റ പണി നടത്തണമെന്ന് നിരന്തര ആവശ്യമുയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയായ പുതുപൊന്നാനി മേഖലയിലും കടലാക്രമണം രൂക്ഷമാണ്. പുതുതായി നിര്‍മിച്ച കടല്‍ഭിത്തി ഇടിഞ്ഞു താഴുന്ന സ്ഥിതിയുണ്ട്. പലഭാഗങ്ങളിലും കല്ലുകള്‍ ഇളകി തകര്‍ച്ചയെ നേരിടുന്നതായി പ്രദേശവാസികള്‍ പറയുന്നു. പുതുപൊന്നാനി അബുഹുറൈറ പളളി മുതല്‍ ജീലാനി നഗര്‍ വരെയുളള ഭാഗത്ത് 3.75 കോടി രൂപ ചെലവില്‍ മാസങ്ങള്‍ക്ക് മുമ്പാണ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നിര്‍മാണത്തിലെ അപാകത കടല്‍ഭിത്തി തകര്‍ച്ചയെ നേരിടുന്നതിന് കാരണമായതായി പ്രദേശ വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. പൊന്നാനി കടപ്പുറത്തെ ജങ്കാര്‍ റോഡും മീന്‍ ചാപ്പകളും കടലാക്രമണ ഭീഷണി നേരിടുകയാണ്. ഈ മേഖലയില്‍ കടല്‍ വ്യാപകമായി കരയിലേക്ക് കയറി. കടല്‍ഭിത്തി തീരെയില്ലാത്ത പ്രദേശമാണിത്. അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടുകളും തകര്‍ച്ചയിലാണ്.
തീരത്ത് ദിവസങ്ങളായി തുടരുന്ന കടലാക്രമണം തീരവാസികളെ വീടൊഴിയാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പുരുഷന്മാര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ചെലവിടുകയും രാത്രിസമയങ്ങളില്‍ മറ്റിടങ്ങള്‍ കണ്ടെത്തുകയും ചെയ്യും.
ട്രോളിംഗ് നിരോധനത്തിന്റെ ദുരിതത്തോടൊപ്പം കടലാക്രമണ ഭീതിയും നേരിടേണ്ടി വരുന്നത് തീരദേശ മേഖലയെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. കടുത്ത ദുരിതത്തിലൂടെയാണ് ഓരോ രാപ്പകലും ഇവര്‍ തളളി നീക്കുന്നത്. സര്‍ക്കാറില്‍ നിന്നുളള സൗജന്യ റേഷന്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയമായിട്ടുളളത്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനോ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.