Connect with us

International

ഇ യു വായ്പക്ക് കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് ഗ്രീസ്‌

Published

|

Last Updated

ഏതന്‍സ്: സാമ്പത്തിക സഹായം ലഭിക്കാന്‍ നികുതി വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നുമുള്ള കടുത്ത വ്യവസ്ഥകള്‍ രാജ്യത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഗ്രീക്ക് ധനകാര്യ മന്ത്രി യാനിസ് വാരോഫാക്കിസ്. ഐറിഷ് ദേശീയ റേഡിയോവിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോര്‍പ്പറേറ്റ് നികുതി കൂട്ടുന്നതിനും ഹോട്ടല്‍ നികുതി കൂട്ടുന്നതിനും എതിരാണെന്നതുപോലെത്തന്നെ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്നവരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കുന്നതിനും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ തന്നെയും സര്‍ക്കാറിനേയും അസാധ്യമായ ഒരു അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. തെറ്റായ തീരുമാനങ്ങളെടുക്കുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്നും വാരോഫാക്കിസ് പറഞ്ഞു. യൂറോപ്യന്‍ മേഖലയിലെ ധനമന്ത്രിമാര്‍ ഗ്രീസിനെ കടത്തില്‍നിന്നും രക്ഷിക്കാനുള്ള സഹായ പാക്കേജ് സംബന്ധിച്ച് ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച കരാറിലെത്താനാകാതെ അലസിപ്പോകുകയായിരുന്നു. 1.8 ബില്യണ്‍ ഡോളറിന്റെ ഐ എം എഫ് സഹായം അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ഫലവത്താകാതെ പോയത്. അതേ സമയം ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രശ്‌നപരിഹാരമാകുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ പറഞ്ഞു. തകര്‍ച്ചയില്‍നിന്നും രക്ഷനേടാന്‍ അനുവദിച്ച 8.1 ബില്യണ്‍ ഡോളര്‍ മരവിപ്പിക്കാതിരിക്കാന്‍ നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള പരിഷ്‌കരണ പദ്ധതികള്‍ ഗ്രീസ് നടപ്പാക്കണമെന്നാണ് കരാര്‍.