പുതിയ തന്ത്രങ്ങളുമായി ദുംഗ

Posted on: June 27, 2015 6:43 am | Last updated: June 27, 2015 at 10:45 am

>>ബ്രസീല്‍ – പരാഗ്വെ നാളെ രാവിലെ 5.00ന് സോണി കിക്‌സില്‍

സാന്റിയാഗോ: നാല് വര്‍ഷം മുമ്പുള്ള ഞെട്ടല്‍ ബ്രസീല്‍ മറന്നിട്ടില്ല. കോപയില്‍ നിന്ന് മഞ്ഞപ്പടയെ പുറത്തേക്കടിച്ചവര്‍ ഇന്ന് വീണ്ടും വെല്ലുവിളിയുമായി എത്തുന്നു – പരാഗ്വെ.
അര്‍ജന്റീനയും ഉറുഗ്വെയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ പരാജയമറിയാതെയാണ് പരാഗ്വെ ക്വാര്‍ട്ടറിലെത്തിയത്. ഇതില്‍ അര്‍ജന്റീനയെ 2-2ന് തളച്ചത് ശ്രദ്ധേയം. ജമൈക്കയെ തോല്‍പ്പിച്ച പരാഗ്വെ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയെയും സമനിലയില്‍ തളച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ പരാഗ്വെയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ദുംഗയുടെ ബ്രസീലിനെ അവര്‍ പേടിക്കുന്നില്ല. പ്രത്യേകിച്ച് സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാത്ത മഞ്ഞപ്പടയെ.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് ബ്രസീലിന്റെ കണക്ക്. കൊളംബിയയോടായിരുന്നു മഞ്ഞപ്പട പരാജയപ്പെട്ടത്. ഈ മത്സരത്തിലായിരുന്നു നെയ്മര്‍ വിവാദ താരമായി മാറിയതും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതും. എന്നാല്‍, ലിവര്‍പൂളിലേക്ക് ചേക്കേറിയ ഫിര്‍മിനോ ബ്രസീലിന്റെ പുതിയ താരോദയമാണ്. അവസാന മത്സരത്തില്‍ വെനിസ്വെലക്കെതിരെ ഫിര്‍മിനോ മികച്ച ഫോമിലായിരുന്നു. നെയ്മറില്ലാത്ത ബ്രസീല്‍ ടീം ഏറെ കരുത്തരാണെന്ന വീമ്പും ഫിര്‍മിനോ അടിച്ചു കഴിഞ്ഞു. നെയ്മര്‍ അപ്രതീക്ഷിത തിരിച്ചടിയായപ്പോള്‍ ദുംഗ തന്റെ കൈയ്യിലെ പുത്തന്‍ ആയുധങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഫിര്‍മിനോ മാധ്യമങ്ങല്‍ക്ക് മുന്നില്‍ ബ്രസീല്‍ ടീം നെയ്മറില്ലെങ്കില്‍ തകര്‍ന്നുപോകില്ലെന്ന് പറഞ്ഞത് ഉദാഹരണം.
അതുപോലെ, പരാഗ്വെയെ നേരിടാനിറങ്ങുമ്പോള്‍ ചെല്‍സി താരം വില്ലെയിന്‍ പറഞ്ഞത് സെമിയില്‍ ഞങ്ങള്‍ക്ക് മെസിയുടെ അര്‍ജന്റീനയെ കിട്ടണം എന്നാണ്.
മെസി എന്ന ലോകോത്തര താരത്തിനെതിരെ കളിക്കുക എന്നത് വില്ലെയിന്റെ ആഗ്രഹമാണ്. എന്നാല്‍, മെസിയുടെ ടീമിനെ മലര്‍ത്തിയടിക്കുന്നത് എന്നത് വില്ലെയിന് വാശിയും. ഈ രീതിയില്‍ ബ്രസീല്‍ താരങ്ങളില്‍ വാശി നിറച്ചാണ് ദുംഗ നെയ്മര്‍ ദുരന്തത്തിലൂടെ ലഭിച്ച തിരിച്ചടിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. വെറ്ററന്‍ സ്‌ട്രൈക്കര്‍ റോബീഞ്ഞോയാണ് നെയ്മറിന്റെ റോളില്‍ വരുക. പഴയ ഫോമില്ലെങ്കിലും റൊബഞ്ഞോ പ്രതീക്ഷക്കൊത്തുയരുമെന്ന് തന്നെ ബ്രസീല്‍ കോച്ച് വിശ്വസിക്കുന്നു.