Connect with us

Kerala

ചരക്കു സേവന നികുതി അടുത്ത വര്‍ഷം ഏപ്രിലില്‍ നടപ്പാക്കാനാകും: കെ എം മാണി

Published

|

Last Updated

കൊച്ചി: ചരക്കു സേവന നികുതി(ജി എസ് ടി) അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജി എസ് ടി സംബന്ധിച്ച് സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ എം മാണി. ജി എസ് ടി സംബന്ധിച്ച് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ പോലുള്ള കച്ചവട സമൂഹത്തിന് ഏറെ ഗുണകരമായിരിക്കും ജി എസ് ടി. എന്നാല്‍ ഉദ്പാതക സംസ്ഥാനങ്ങള്‍ക്ക് അവരുടെ വരുമാനത്തില്‍ കുറവുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ജി എസ് ടി നടപ്പാക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഇളവ് നല്‍കണമെന്നാണ് ഇത്തരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.
ജി എസ് ടി നടപ്പിലായാലെ ആര്‍ക്കൊക്കെ ലാഭമുണ്ടാകും നഷ്ടമുണ്ടാകും എന്ന് വ്യക്തമാവുകയുള്ളു. ആയതിനാല്‍ ഇത്തരം സംസ്ഥാനങ്ങള്‍ക്ക് ഘട്ടംഘട്ടമായി ഇളവു നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും കെ എം മാണി പറഞ്ഞു.
ജി എസ് ടി നടപ്പിലാകുന്നതോടെ കേരളത്തില്‍ വിലക്കുറവും നികുതി വരുമാനത്തില്‍ വര്‍ധനവുമുണ്ടാകും. സംസ്ഥാനങ്ങള്‍ക്ക് ഏറെ വരുമാനമുണ്ടാക്കുന്ന പെട്രോളിയം, ആല്‍ക്കഹോള്‍ ഉത്പന്നങ്ങളെ ജി എസ് ടിയില്‍ നിന്നും മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. അതേസമയം ഇ കൊമേഴ്‌സിനെയും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യ പരിഗണിക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ചേംബര്‍ ഹാളില്‍ നടന്ന സെമിനാറില്‍ ഹൈബി ഈഡന്‍ എം എല്‍ അധ്യക്ഷതവഹിച്ചു. മാത്യു കുരുവിത്തടം, ആന്റണി തോമസ് പ്രസംഗിച്ചു.

Latest