ചിക്കന്‍ ഇനി വീട്ട് മുറ്റത്തും

Posted on: June 26, 2015 3:00 pm | Last updated: June 26, 2015 at 3:00 pm

കൊപ്പം: റമസാനില്‍ വിലകുറഞ്ഞ കോഴിയിറച്ചിയുമായി മൊബൈല്‍ ചിക്കന്‍ ഇനി വീട്ടുമുറ്റത്തെത്തും. നാട്ടിന്‍പുറങ്ങളിലെ പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത ചെറുപ്പക്കാരാണ് ഇറച്ചിക്കോഴിയുമായി വീട്ടുമുറ്റത്തെത്തുന്നത്. വീട്ടുപടിയ്ക്കല്‍ മൊബൈല്‍ ചിക്കന്‍ വാഹനങ്ങളും കൂകിയെത്താന്‍ തുടങ്ങിയതോടെ ഗ്രാമങ്ങളില്‍ കോഴിക്കടകളില്‍ ഇറച്ചിക്കും വിലകുറഞ്ഞു.
നോമ്പ് തുറസല്‍ക്കാരത്തിന് പലര്‍ക്കും ഇറച്ചി ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. ബീഫും മട്ടനും കഴിക്കുന്നത് ആരോഗ്യത്തിന്ഭീഷണിയാകുമെന്നതിനാല്‍ കോഴിയിറച്ചിയോടാണ് പ്രിയം.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറിയും മത്സ്യവും വിഷമയമാണെന്ന വാര്‍ത്ത കൂടി പര—ന്നതോടെ സീസണില്‍ കോഴിക്കടകളില്‍ തിരക്ക് കൂടി. വിലകുറഞ്ഞ കോഴിയിറച്ചി വീട്ടുമുറ്റത്തെത്തിക്കാന്‍ ഈ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതും ഇതാണ്. നാട്ടിന്‍പ്രദേശങ്ങളിലെ കോഴിഫാമുകളില്‍ നിന്നും കോഴികളെ ശേഖരിച്ചു മിനിലോറിയില്‍ എത്തിച്ചു വാഹനത്തില്‍ വച്ച് തന്നെ മുറിച്ചു നന്നാക്കിയ ശേഷം തൂക്കിക്കൊടുക്കുകയാണ്. ചില്ലറ വിപണിയില്‍ 120 രൂപ വിലയുള്ള കോഴിയിറച്ചി വീട്ടുമുറ്റത്തെത്തുമ്പോള്‍ വില കൂടുമെന്നൊന്നും ഭയപ്പെടേണ്ട. വിലകുറച്ചാണ് ഇവര്‍ കൊടുക്കുന്നത്. അതേ സമയം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇറച്ചിക്കോഴിയും ബീഫും മട്ടനുമെല്ലാം വിഷമയമാണെന്ന വാര്‍ത്ത പരന്നതോടെ നാടന്‍കോഴിക്കടകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കനു പുറമെ നാടന്‍ കോഴികളും കടകളിലെത്തുന്നുണ്ട്.
കിലോക്ക് 110, 120 രൂപ വിലയുള്ള ചിക്കന്‍ 80 രൂപയ്ക്കാണ് ചില ഭാഗങ്ങളില്‍ വില്‍ക്കപ്പെടുന്നത്.