Connect with us

International

ഐ സി സി അംഗത്വം ദ. ആഫ്രിക്ക പുനഃപരിശോധിക്കുന്നു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി)യില്‍ അംഗമായി തുടരണമെന്നോ കാര്യം ദക്ഷിണാഫ്രിക്ക പുനഃപരിശോധിക്കുന്നു. സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യം പുനരാലോചിക്കുന്നത്. തങ്ങളോടുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇടപെടല്‍ പക്ഷപാതപരമാണെന്ന് നേരത്തെ തന്നെ ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുഡാനിലെ ദര്‍ഫൂറില്‍ മനുഷ്യഹത്യ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉമര്‍ അല്‍ബശീറിനെ അറസ്റ്റ് ചെയ്യാന്‍ ഐ സി സി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ഉച്ചകോടിക്ക് രാജ്യത്തെത്തിയ ബശീറിനെ അറസ്റ്റ് ചെയ്യാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായില്ല. ഇതോടെ ഉമര്‍ അല്‍ ബശീര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് രക്ഷപ്പെട്ട് സുഡാനില്‍ സുരക്ഷിതനായി തിരിച്ചെത്തുകയും ചെയ്തിരുന്നു. അത് മുതല്‍ ഈ വിഷയത്തില്‍ നയതന്ത്ര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമായി തുടരണമോയെന്ന കാര്യം കാബിനറ്റ് യോഗം ചേര്‍ന്ന് പുനഃപരിശോധിക്കുമെന്ന് പ്രസിഡന്‍സി മന്ത്രി ജെഫ് റദേബെ മാധ്യമങ്ങളോട് പറഞ്ഞു. കാബിനിറ്റ് മീറ്റിന് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവസാന നിമിഷം വരെ ഐ സി സിയില്‍ തുടരുന്നതിന് ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ മുഴുവന്‍ പരിഹാര മാര്‍ഗങ്ങളും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ അല്‍ ബശീറിനെ രാജ്യം വിടാന്‍ അനുവദിച്ചതിനെ ന്യായീകരിക്കുന്ന നടപടിയാണ് ദക്ഷിണാഫ്രിക്കയുടെ ഐ സി സി അംഗത്വത്തെ സംബന്ധിച്ചുള്ള പുനഃപരിശോധനയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബശീറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് ഒരു നാടകമെന്നാണ് സുഡാന്‍ സര്‍ക്കാറിന്റെ വാദം. രാജ്യം വിടുന്നതിന് മുമ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് പ്രിട്ടോറിയ കോടതിയാണ് ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നത് വരെ രാജ്യത്തിന് പുറത്തേക്ക് അദ്ദേഹത്തെ പോകാന്‍ അനുവദിക്കരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
ഐ സി സി അംഗത്വം അപകടകരമാണെന്നും ഇതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണമെന്നും ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ ഗ്വേദേ മാന്റഷേ ആവശ്യപ്പെട്ടു.

Latest