Gulf
മത മൂല്യം സംരക്ഷിക്കും: ജനറല്‍ ശൈഖ് മുഹമ്മദ്
അബുദാബി: മതത്തിന്റെ യഥാര്‍ഥമായ മൂല്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് യു എ ഇ തുടരുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. നീതി, സഹിഷ്ണുത, സമാധാനം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ അഭിവൃദ്ധിപ്പെടുത്തുന്ന യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തും. ഇതിനായി അറബ് മുസ്‌ലിം രാജ്യങ്ങളുമായും ഇസ്‌ലാമിക പണ്ഡിതരുമായും യുഎഇ സഹകരിക്കും. ഭീകരപ്രവര്‍ത്തനം, അക്രമം എന്നിവക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ ബതീന്‍ പാലസില്‍ യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥികളായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കു നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിയുക്തവും വസ്തുനിഷ്ഠവുമായ കാര്യങ്ങള്‍ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ റമസാനില്‍ ജനങ്ങളെ ബോധവല്‍കരിക്കാനും നടത്തുന്ന പണ്ഡിതരുടെ എല്ലാ ശ്രമങ്ങളെയും ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും ചെയ്തു.




