Connect with us

Ongoing News

ഓടിക്കയറുന്നതിന് മുമ്പ്

Published

|

Last Updated

നാം സ്വതന്ത്രവിഹാരം നടത്തുന്ന കേന്ദ്രമാണ് വീട്. സംസാരത്തിലും വേഷവിദാനങ്ങളിലുമെല്ലാം വീട്ടില്‍ നാം കൂടുതല്‍ സ്വാതന്ത്ര്യമുപയോഗിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്നൊരാള്‍ നമ്മുടെ വീട്ടിനകത്തേക്ക് കയറി വന്നാല്‍ നാം അനുഭവിക്കുന്ന പ്രയാസമെന്തായിരിക്കും? ഇതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ഭവനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഇസ്‌ലാം ചില പെരുമാറ്റച്ചട്ടങ്ങള്‍ വെച്ചിട്ടുണ്ട്.
“സത്യവിശ്വാസികളെ, നിങ്ങള്‍ നിങ്ങളുടെതല്ലാത്ത മറ്റൊരാളുടെ വീട്ടിലേക്ക് അവരുടെ സമ്മതം ചോദിക്കുകയും സലാം പറയുകയും ചെയ്തിട്ടല്ലാതെ പ്രവേശിക്കരുത് (അന്നൂര്‍ 27) എന്ന ഖുര്‍ആന്‍ വചനം രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഒന്ന് സമ്മതം ചോദിക്കുക എന്നത് തന്നെ. ഇതിന് രണ്ട് കാരണങ്ങളുണ്ട്. അന്യന്റെ അധികാര കേന്ദ്രമാണ് എന്നതാണ് ഒരു കാരണം. ഇതിലുപരി ആ വീട്ടുകാരന് നമ്മേ സ്വീകരിക്കുന്നതിനായി ഒരുങ്ങാനുള്ള അവസരം നല്‍കുക എന്നതാണ്. അതിഥിയെ അഭിമുഖീകരിക്കാന്‍ പറ്റിയ വസ്ത്രം ധരിക്കാനും ഇരിപ്പിടവും മറ്റും ഒരുക്കാനുമൊക്കെ ഈ പെരുമാറ്റ രീതിയിലൂടെ വീട്ടുകാരന് സാധിക്കുന്നു. ഒരറിയിപ്പുമില്ലാതെ അന്യന്റെ വീട്ടിലേക്ക് കയറിച്ചെന്നാല്‍ അതവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കും.
അടച്ചിട്ട വീട്ടുമുറ്റത്തു ചെന്നാണ് നാം ബെല്ലടിക്കുകയോ വാതിലിന് മുട്ടുകയോ ചെയ്യുന്നതെങ്കില്‍ അതിന് ശേഷം ഡോറിന്റെ ഭാഗത്ത് നിന്നും അല്‍പ്പം തിരിഞ്ഞ് മാറി നില്‍ക്കണം. ചിലപ്പോള്‍ ആ വിട്ടിലെ സ്ത്രീകള്‍ തന്റെ ഭര്‍ത്താവോ മറ്റോ ആണെന്ന് കരുതി വേണ്ട മുന്‍കരുതലുകളൊന്നുമില്ലാതെയായിരിക്കും വാതില്‍ തുറക്കുന്നത്. അവര്‍ക്കും ഒരു പ്രയാസമുണ്ടാകരുത്.
കൂട്ടുകുടുംബമായി കഴിയുന്ന വീടുകളില്‍ ജ്യേഷ്ഠനും ഭാര്യയും ഉപയോഗിക്കുന്ന റൂമുണ്ടാകും. അനുജനും കുടുംബവും ഉറങ്ങുന്ന റൂമുമുണ്ടാകും. ഇതിലേക്കൊന്നും സമ്മതം ചോദിക്കാതെ പ്രവേശിക്കാന്‍ പാടില്ല. ഈ നിയമം പ്രായപൂര്‍ത്തി എത്തിയ കുട്ടികള്‍ക്കും ബാധകമാണെന്ന് പറഞ്ഞ ഖുര്‍ആന്‍, നഴ്‌സറി പ്രായത്തിലുള്ളവരെ മൂന്ന് സന്ദര്‍ഭങ്ങളില്‍ മറ്റുള്ളരുടെ റൂമിലേക്കും വീട്ടിലേക്കും കടന്നുചെല്ലുന്നതിനെ രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്തും, പ്രഭാത നേരത്തും, ഉച്ചക്ക് വിശ്രമിക്കാന്‍ വസ്ത്രം മാറി കിടക്കുന്ന സമയത്തുമാണ് ഈ നിയന്ത്രണം.
സലാം പറയുക എന്നതാണ് രണ്ടാമത്തെ സന്ദേശം. ഇത് താന്‍ അക്രമിയോ പിടിച്ചുപറിക്കാരനോ അല്ല എന്ന സന്ദേശം നല്‍കുന്നതോടൊപ്പം സ്‌നേഹവും സൗഹാര്‍ദവും പ്രകടിപ്പിക്കല്‍ കൂടിയാണ്. അതിനാല്‍ സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴും ഭാര്യയോടും മക്കളോടും സലാം പറയണം. ആളില്ലാത്ത വീട്ടില്‍ പ്രവേശിക്കുമ്പോള്‍ പോലും അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്വാലിഹീന്‍ എന്ന സലാം ചൊല്ലണമെന്നാണ് നിര്‍ദേശം.
അന്യന്റെ വീട്ടിലാകുമ്പോള്‍ കണ്ണ് നിയന്ത്രിക്കാനും അകത്തേക്ക് കാണാത്തവിധം ഇരിക്കാനും നബി (സ) ഉപദേശിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ അവിടെ തങ്ങുന്നത് ആ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി തിരിച്ചുപോരണം. ചില വീട്ടുകാര്‍ക്ക് തന്റെ വീട്ടിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളുമൊക്കെ അതിഥികള്‍ക്ക് കാണിച്ചുകൊടുക്കുന്നത് വലിയ അഭിമാനമായിരിക്കും. അപ്പോള്‍ അവയൊക്കെ നോക്കിക്കാണാനും നന്നായിട്ടുണ്ട് എന്ന് അഭിനന്ദനം പറയാനും പിശുക്ക് കാണിക്കരുത്.

Latest