പാക്കിസ്ഥാനിലെ അത്യുഷ്ണം: മരിച്ചവരുടെ എണ്ണം 1,200 കവിഞ്ഞു

Posted on: June 25, 2015 6:00 am | Last updated: June 25, 2015 at 12:51 am

pakistan-heatഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന ശക്തമായ താപനിലയെ തുടര്‍ന്ന് മരണ സംഖ്യ വീണ്ടും ഉയര്‍ന്നു. കാറാച്ചിയില്‍ മാത്രം മരണമടഞ്ഞവരുടെ എണ്ണം 1, 200 കവിഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പുര്‍ണമായും അടച്ചിടാന്‍ അധികാരികള്‍ നിര്‍ദേശം നല്‍കി. റമസാനിന്റെ തുടക്കം മുതല്‍ ആരംഭിച്ച ഉഷ്ണക്കാറ്റ് തെക്കന്‍ സിന്ധ് പ്രവിശ്യയിലുടനീളം നാശം വിതച്ച് കൊണ്ട് തുടരുകയാണ്. കാറ്റ് വിതക്കുന്ന നാശങ്ങള്‍ വര്‍ധിക്കുകയും മരണ സംഖ്യ വന്‍തോതില്‍ അധികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സിന്ധ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥക്ക് പ്രധാന മന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടു. നാല് ദിവസം തുര്‍ച്ചയായി നീണ്ട് നില്‍ക്കുന്ന ശക്തമായ ഉഷ്ണക്കാറ്റ് മൂലം താപനില 45 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുന്നു. കറാച്ചിയിലെ ജനറല്‍ ആശുപത്രിയില്‍ 1000 പേര്‍ മരണപ്പെട്ടു. അതേ സമയം പ്രവിശ്യയിലെ ചെറു ക്ലിനിക്കുകളിലും വൈദ്യകേന്ദ്രങ്ങളിലുമായി നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കറാച്ചിയില്‍ 44.5 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ തുടര്‍ന്ന് ഇന്നലെ 350 പേര്‍ മരണപ്പെട്ടു.