Connect with us

Articles

വലിയ രാഷ്ട്രീയ തലങ്ങളുള്ള ഒരു ഉപതിരഞ്ഞെടുപ്പ്

Published

|

Last Updated

“അരുവിക്കരയില്‍ പൈപ്പ് പൊട്ടി, നഗരത്തില്‍ കുടിവെള്ളം മുടങ്ങും” തിരുവനന്തപുരത്തുകാര്‍ കാണാന്‍ ആഗ്രഹിക്കാത്തതും എന്നാല്‍ കണ്ടു ശീലിച്ചതുമായ ഒരു വാര്‍ത്താ തലക്കെട്ടാണിത്. കാരണം, അരുവിക്കര തിരുവനന്തപുരം നഗരവാസികളുടെ ജലസംഭരണിയാണ്. നഗര ജീവിതത്തിന്റെ ദാഹം അകറ്റാന്‍ ഈ നാട്ടില്‍ നിന്നുള്ള ശുദ്ധജലം വേണം. ഇന്ന് തിരുവനന്തപുരത്ത് കൂടുകൂട്ടിയ രാഷ്ട്രീയക്കാരെ ഒന്നടങ്കം വെള്ളം കുടിപ്പിക്കുകയാണ് അരുവിക്കരക്കാര്‍. ജൂണ്‍ 30ന് വോട്ടെണ്ണുമ്പോള്‍ ആരുടെ വെള്ളം കുടിയാണ് മുട്ടുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് അരുവിക്കര. ആരെ തുണക്കും, ആരെ വീഴ്ത്തുമെന്ന വിലയിരുത്തലുകളില്‍ മുന്‍തൂക്കം ആര്‍ക്കാണെന്ന് പോലും രണ്ടു വട്ടം ആലോചിക്കേണ്ട സാഹചര്യം. വിധിയെഴുത്തിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ കൂട്ടിയും കുറച്ചും കണക്കെടുക്കുന്നവരെല്ലാം മത്സരത്തിന്റെ തീവ്രത അടിവരയിടുന്നു. യു ഡി എഫിന് വേണ്ടി കളത്തിലിറങ്ങിയ ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥനും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന എം വിജയകുമാറും തമ്മിലാണ് പ്രധാന മത്സരം. ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബി ജെ പിക്ക് വേണ്ടി കളത്തിലുണ്ട്. പി സി ജോര്‍ജ് നയിക്കുന്ന അഴിമതിവിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കെ ദാസും പി ഡി പി സ്ഥാനാര്‍ഥിയായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജും മത്സരിക്കുന്നു.
ഒന്‍പത് മാസത്തോളം മാത്രമേ കാലാവധിയുള്ളൂവെങ്കിലും ഇരുമുന്നണികളെ സംബന്ധിച്ചും അരുവിക്കരയില്‍ ജയം അനിവാര്യമാണ്. സര്‍ക്കാറിനും പ്രതിപക്ഷത്തിനും ജീവന്‍മരണ പോരാട്ടമാണെന്നതാണ് സ്ഥിതി. ഒക്‌ടോബറില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അടുത്ത വര്‍ഷം മെയ് മാസം നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും. ഇത് കൊണ്ടെല്ലാം തന്നെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് സെമിഫൈനല്‍ പോരാട്ടമാണ്. ജയിക്കുന്നവര്‍ക്ക് അതിന്റെ പിന്‍ബലത്തില്‍ വരുന്ന തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങാം.
രാഷ്ട്രീയ സാഹചര്യങ്ങള്‍ യു ഡി എഫിന് പ്രതികൂലമാണ്, എന്നാല്‍ മണ്ഡലത്തില്‍ ജി കാര്‍ത്തികേയനുള്ള സ്വാധീനവും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഏശുന്ന മണ്ഡലമല്ലെന്നതും അനുകൂലവും. സര്‍ക്കാറിനെ സംബന്ധിച്ച് ഭരണത്തുടര്‍ച്ചയെന്ന അവകാശവാദം ഉന്നയിക്കാന്‍ ജയം അനിവാര്യമാണ്. ആരോപണങ്ങളുടെ ശരശയ്യയില്‍ നിന്ന് മുക്തി നേടാനുള്ള നല്ല അവസരവും. എല്‍ ഡി എഫിനെ സംബന്ധിച്ച് ജയിക്കാനായില്ലെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്തുക എളുപ്പമാകില്ലെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളേണ്ടി വരും. മാത്രമല്ല, തിരുവമ്പാടിക്ക് ശേഷം ഒരു ഉപതിരഞ്ഞെടുപ്പ് ബലി കേറാമലയായി തുടരുന്നുവെന്ന സാഹചര്യവും വരും.
പ്രതീക്ഷകളുടെ കണക്ക് പുസ്തകത്തില്‍ ഇരുമുന്നണികളും ബി ജെ പിയും ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ എഴുതി ചേര്‍ക്കുന്നുണ്ടെങ്കിലും മനസ്സ്് കൊണ്ട് ആരും ഒന്നും ഉറപ്പിച്ച് പറയുന്നില്ല. സര്‍വെ ഫലങ്ങള്‍ ഇരുമുന്നണികള്‍ക്കും ജയം പകുത്ത് നല്‍കുന്നത് പോരാട്ടത്തിന്റെ തീവ്രത വരച്ചുകാട്ടുന്നു. അഴിമതി ആരോപണങ്ങളുടെ വലിയ ഭാണ്ഡക്കെട്ട് ചുമക്കുന്ന സര്‍ക്കാറിന് ജയത്തിലൂടെ ഇത് ഇറക്കി വെക്കാന്‍ ലഭിക്കുന്ന വലിയ അവസരമാണ് അരുവിക്കര നല്‍കുന്നത്. സോളാര്‍ കേസ് കത്തി നിന്ന ഘട്ടത്തില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 12സീറ്റിന്റെ മേല്‍ക്കൈ നേടിയാണ് അന്നുയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിച്ചത്. ബാര്‍ കോഴയിലും ഇങ്ങനെയൊരു സാഹചര്യം വേണ്ടതിനാല്‍ അരുവിക്കരയില്‍ വിജയിക്കേണ്ടത് യു ഡി എഫിന് അനിവാര്യമാക്കുന്നു. വിവാദങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഒരു ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്നും സ്ഥാപിക്കാന്‍ കൈവന്നിരിക്കുന്ന ഏറ്റവും നല്ല അവസരമാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ്. ഈ തിരിച്ചറിവ് തന്നെയാണ് സര്‍വതന്ത്രങ്ങളുമായി നേതാക്കളെ അരുവിക്കരയില്‍ തമ്പടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
സി പി എമ്മിനെ സംബന്ധിച്ചും സ്ഥിതി വ്യത്യസ്ഥമല്ല. പരീക്ഷണങ്ങളുടെ പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുന്ന പാര്‍ട്ടിക്ക് ജയിക്കാനായില്ലെങ്കില്‍ തിരിച്ചുവരവ് ദുഷ്‌കരമാകും. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും മേല്‍ക്കൈ ലഭിച്ചിട്ടില്ല. അരുവിക്കരയിലും ജയിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. സ്വന്തം പാളയത്തിലെ വോട്ട് ചോര്‍ച്ച പേടിച്ചാണ് ബി ജെ പി. ഒ രാജഗോപാലിനെ കളത്തിലിറക്കിയത്. പാര്‍ട്ടി അവകാശപ്പെടുന്ന മണ്ഡലത്തിലെ മെംബര്‍ഷിപ്പ് ഇരുപതിനായിരത്തിന് മുകളിലായതിനാല്‍ അത്ര തന്നെ വോട്ട് ലഭിക്കാന്‍ മറ്റൊരു മുഖം മുന്നില്‍ വെക്കാനില്ലെന്ന തിരിച്ചറിവാണ് രാജഗോപാലിനെ കളത്തിലിറക്കിയതിന് പിന്നില്‍. പ്രചാരണ രംഗത്ത് ബി ജെ പിയും കാര്യമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു.
പ്രചാരണം തുടങ്ങിയ ഘട്ടത്തിലുള്ളതൊന്നുമല്ല ഇന്നത്തെ അരുവിക്കരയിലെ ചിന്താവിഷയം. പുതിയ വിവാദങ്ങളെല്ലാം പൊതുയോഗങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നു. ബാര്‍കോഴയും സരിതയും കണ്ണൂരിലെ ബോംബ് രാഷ്ട്രീയവും ഇന്ധന വിലക്കയറ്റവുമെല്ലാം ഈ തെരുവുകളില്‍ സൂക്ഷമമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, രാഷ്ട്രീയ അന്തര്‍ നാടകങ്ങളെക്കുറിച്ച് വേണ്ടത്ര സാക്ഷരതയില്ലാത്ത ഇവിടെ ഇതൊക്കെ ഏശുമോയെന്ന് കണ്ടറിയണം. സിനിമാതാരങ്ങളുടെ റോഡ് ഷോയും ചാനല്‍ ഷോ കളും കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇവിടുത്തുകാര്‍. രാഷ്ട്രീയ കക്ഷികള്‍ പ്രചാരണ പര്യടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നല്‍കുന്ന ശ്രദ്ധ തന്നെ കുടുംബ യോഗങ്ങള്‍ക്ക് നല്‍കുന്നതിന് പിന്നില്‍ മണ്ഡലത്തിന്റെ ഈ പ്രത്യേകത തന്നെയാണ്. ജാതി വോട്ടുകള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മണ്ഡലം എന്ന നിലയില്‍ തന്നെയാണ് അരുവിക്കരയെ വായിക്കുന്നത്. നായര്‍ വോട്ടുകള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്. മൂന്ന് സ്ഥാനാര്‍ഥികളും ഈ വിഭാഗത്തില്‍ നിന്നായതിനാല്‍ ഇത് കൊണ്ടൊരു മേല്‍ക്കോയ്മ ലഭിക്കാനിടയില്ല. എസ് എന്‍ ഡി പിയുടെ വോട്ടുകളില്‍ ഒരു ഭാഗം ഒ രാജഗോപാലിന് അനുകൂലമാകും. നാടാര്‍ വോട്ടുകളാണ് പിന്നെയുള്ളത്. ഇതില്‍ പി സി ജോര്‍ജിനൊപ്പമാണ് വി എസ് ഡി പി. ഹിന്ദു നാടാര്‍ വിഭാഗവും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗവും മണ്ഡലത്തിലുണ്ട്. വി എസ് ഡി പി. പി സി ജോര്‍ജിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ കൂടെ നിര്‍ത്താനാണ് യു ഡി എഫിന്റെ തീവ്രശ്രമം. അടിസ്ഥാന ജനവിഭാഗങ്ങളും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. തോട്ടം തൊഴിലാളികളും മറ്റു തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളും മണ്ഡലത്തില്‍ നിര്‍ണായകമാണ്.
ഇരുമുന്നണികളിലും ആഭ്യന്തര പ്രശ്‌നങ്ങളില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വി എസ് അച്യുതാനന്ദനുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന സാഹചര്യമാണ് സി പി എമ്മില്‍ നിലിനിന്നിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് അതിന്റെ ലാഞ്ചന പോലുമില്ല. വി എസ് അച്യുതാനന്ദനാണ് സി പി എമ്മിന്റെ പൊതുയോഗങ്ങള്‍ നയിക്കുന്നത്. പാര്‍ട്ടി സംഘടനാ സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുന്നതാകട്ടെ അണിയറയില്‍ നിന്ന് പിണറായി വിജയനും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഓരോ പഞ്ചായത്തിലെയും കാര്യങ്ങള്‍ നീങ്ങുന്നത്. ഓരോ സ്ഥലത്തെയും പ്രശ്‌നങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെട്ട് പരിഹാരം നിര്‍ദേശിക്കുന്നു.
നേതൃമാറ്റ ചര്‍ച്ചകള്‍ ഉള്‍പ്പെടെ പലതും കോണ്‍ഗ്രസിലും യു ഡി എഫിലും ഭിന്നതകള്‍ ഉണ്ടാക്കിയെങ്കിലും അരുവിക്കരയില്‍ എല്ലാവരും ഒരു മെയ്യായി നില്‍ക്കുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും ഒരുമിച്ച് നിന്ന് പടനയിക്കുന്നു. എ കെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. സംസ്ഥാന മന്ത്രിമാരും എം എല്‍ എമാരുമെല്ലാം മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം കൊഴുപ്പിക്കുന്നു.
മുന്നണി സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ അരുവിക്കരയില്‍ എത്രമാത്രം സ്വാധീനിക്കുമെന്നതും നിര്‍ണായകമാണ്. എല്‍ ഡി എഫില്‍ അരുവിക്കരയില്‍ സ്ഥിരമായി മത്സരിച്ചിരുന്ന ആര്‍ എസ് പി ഇന്ന് യു ഡി എഫിനൊപ്പമാണ്. യു ഡി എഫിനൊപ്പമായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയും കെ ആര്‍ ഗൗരിയമ്മയും എല്‍ ഡി എഫിന് വേണ്ടി അരുവിക്കരയില്‍ പ്രചാരണം നടത്തുന്നു. കെ ബി ഗണേഷ്‌കുമാര്‍ മുന്‍ നിരയില്‍ തന്നെ വിജയകുമാറിന് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നു.
കണക്കുകള്‍ ചേര്‍ത്ത് വെച്ചാല്‍ ഇരുമുന്നണികള്‍ക്കും മുന്‍തൂക്കം അവകാശപ്പെടാം. ജി കാര്‍ത്തികേയന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്. എന്നാല്‍, ഒരു വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ച സി പി എമ്മിലെ എ സമ്പത്തിന് അരുവിക്കര നാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ നാലിടത്ത് യു ഡി എഫും നാലിടത്ത് എല്‍ ഡി എഫും ഭരിക്കുന്നു. കാര്‍ത്തികേയന് എട്ടു പഞ്ചായത്തുകളിലും ലീഡ് ലഭിച്ചിരുന്നെങ്കിലും സമ്പത്തിന് അഞ്ച് പഞ്ചായത്തുകളില്‍ ലഭിച്ച ലീഡ് മുന്‍നിര്‍ത്തി എല്‍ ഡി എഫും ജയം അവകാശപ്പെടുന്നു.
ജി കാര്‍ത്തികേയന്റെ മകന്‍ എന്ന നിലയില്‍ കിട്ടുന്ന സഹതാപ വോട്ടുകളില്‍ തന്നെയാണ് യു ഡി എഫിന്റെ ആദ്യകണ്ണ്. നാട്ടുകാരാനാണെന്ന മുന്‍തൂക്കം തനിക്ക് ലഭിക്കുമെന്ന് എം വിജയകുമാറും കണക്ക് കൂട്ടുന്നു. കേന്ദ്രസര്‍ക്കാറില്‍ നിന്നൊരു വന്‍പദ്ധതിയാണ് ബി ജെ പി മുന്നോട്ടുവെക്കുന്ന വാഗ്ദാനം. എന്തായാലും കണക്കുകള്‍ കൂട്ടാനും കുറക്കാനും ജൂണ്‍ 30 വരെ അവസരമുണ്ട്. ഒന്നുറപ്പാണ്, അരുവിക്കരയിലെ ജയം ആര്‍ക്കായാലും അതിന്റെ പ്രത്യാഘാതം സംസ്ഥാനമൊട്ടാകെ പ്രതിഫലിക്കും.