Connect with us

Gulf

പത്തില്‍ ഒമ്പത് പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നു

Published

|

Last Updated

ദുബൈ: രാജ്യത്ത് ജോലി ചെയ്യുന്ന 10 ല്‍ ഒമ്പത് പ്രഫഷണലുകളും ജോലിമാറാന്‍ ആഗ്രഹിക്കുന്നതായി പഠനം. ഇവരില്‍ 56 ശതമാനം കൂടുതല്‍ ശമ്പളം പ്രതീക്ഷിച്ചാണ് മാറ്റം ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് തൊഴില്‍പരമായ വികസനമാണ് നിലവിലെ സ്ഥാപനത്തില്‍ നിന്നു മാറാന്‍ പ്രേരണ. കമ്പോളത്തില്‍ പ്രകടമാവുന്ന ക്രിയാത്മകമായ തൊഴില്‍അന്തരീക്ഷമാണ് മിക്കവരെയും കൂടുതല്‍ മെച്ചപ്പെട്ട സ്ഥാപനത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ലൈക്ഡിനാണ് രാജ്യത്തെ പ്രഫഷണലുകളുടെ മനസറിയാന്‍ സര്‍വേ നടത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 86 ശതമാനം(10ല്‍ ഒമ്പത് പേര്‍) നിലവിലെ സ്ഥാപനത്തില്‍ നിന്നു മാറാന്‍ ആഗ്രഹിക്കുന്നതായി മനസ് തുറന്നു. ഇവരില്‍ പലരും പുതിയ ജോലിക്കായി ഇറങ്ങിത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവസരം മുന്നിലെത്തിയാല്‍ മാറാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട് കോം തൊട്ട് മുമ്പ് പ്രഫഷണലുകള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം 43 ശതമാനം പ്രഫഷണലുകള്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നതായി അന്ന് വ്യക്തമായിരുന്നു.
മോണ്‍സ്റ്റര്‍ സര്‍വേയില്‍ 71 ശതമാനം നിലവിലെ ജോലിയില്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കിയിരുന്നു. അന്ന് 73 ശതമാനം പേരായിരുന്നു പുതിയ ജോലിയെക്കുറിച്ച് ചിന്തിക്കുന്നതായി വെളിപ്പെടുത്തിയത്. 60 ശതമാനം പേര്‍ തങ്ങള്‍ മൂന്നു മാസം മുമ്പേ പുതിയ ജോലിക്കായി ബയോഡാറ്റ അയച്ച് കാത്തിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ജോബ് പോര്‍ട്ടലായ ബെയ്ത് ഡോട്ട് കോം മിന മേഖലയില്‍ നടത്തിയ സര്‍വേയില്‍ 43 ശതമാനം പ്രഫഷണലുകള്‍ ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സ് തുറന്നിരുന്നു. വരുന്ന രണ്ടു വര്‍ഷത്തിനകം പുതിയ സ്ഥാപനത്തിലേക്ക് മാറാന്‍ ശ്രമിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും സൂചിപ്പിച്ചിരുന്നു. മിക്കവരെയും മാറാന്‍ പ്രേരിപ്പിക്കുന്നത് കൂടുതല്‍ പണം നേടുകയെന്നതാണ്. 56 ശതമാനമാണ് ശമ്പളമാണ് ജോലി മാറാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയത്. മോണ്‍സ്റ്റര്‍ സര്‍വേയല്‍ പങ്കെടുത്ത 25നും 44നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങള്‍ ആറു വര്‍ഷത്തോളമായി ഒരേ തൊഴില്‍ ഉടമക്ക് കീഴില്‍ ജോലി ചെയ്യുന്നതായും പറഞ്ഞിരുന്നു.