എസ് വൈ എസ് റിലീഫ് ഡേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: June 24, 2015 12:38 am | Last updated: June 23, 2015 at 11:38 pm

sysFLAGകോഴിക്കോട്: എസ് വൈ എസ് സംസ്ഥാന വ്യാപകമായി ഈ മാസം 26 ന് ആചരിക്കുന്ന റിലീഫ് ഡേ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമൂഹത്തില്‍ വിവിധ തലങ്ങളില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പള്ളികളും കവലകളും കേന്ദ്രീകരിച്ച് ഫണ്ട് സമാഹരിക്കും.
സ്ഥിരമായി മരുന്ന് കഴിക്കുന്ന നിര്‍ധനരായ നിത്യരോഗികള്‍ക്ക് ഒരു വര്‍ഷത്തെക്ക് പതിനായിരം രൂപവരെ മൂല്യമുള്ള മെഡിക്കല്‍ കാര്‍ഡുകളും ഡയാലിസിനുള്ള സാമ്പത്തിക സഹായവും സാന്ത്വനം വഴി എസ് വൈ എസ് നല്‍കിവരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജ് ആശുപത്രികളും കേന്ദ്രീകരിച്ച് സൗജന്യ മരുന്ന് വിതരണം, വളണ്ടിയര്‍ സേവനം, ആമ്പുലന്‍സ് സര്‍വ്വീസ് എന്നിവയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും സാന്ത്വനം വക നല്‍കിവരുന്നുണ്ട്. ആകസ്മിക ദുരന്തത്തിരയായവര്‍ക്കും തീരദേശവാസികള്‍ക്കുമുള്ള സഹായവും സാന്ത്വനത്തിന്റെ ഭാഗമാണ്. ദാറുല്‍ഖൈര്‍ (ഭവന പദ്ധതി) വിവാഹ ധന സഹായം എന്നിവയും സാന്ത്വനം ലക്ഷ്യമാക്കുന്നുണ്ട്. ഇത്തരം സേവനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനാവശ്യമായ മുഴുവന്‍ ഉരുപ്പടികളും ജില്ല സാമൂഹ്യക്ഷേമ സമിതി മുഖേന യൂനിറ്റുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. കൂപ്പണുകളും റസീപ്റ്റുകളും മുഖേനയുള്ള സമാഹരണം അന്ന് പൂര്‍ത്തീകരിക്കും.