Connect with us

Kerala

പേരുമാറ്റി കേരളയില്‍ 66 ഓഫ് ക്യാമ്പസ് സെന്ററുകള്‍

Published

|

Last Updated

തിരുവനന്തപുരം: ഗവര്‍ണറുടെയും സര്‍ക്കാറിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് കേരള സര്‍വകലാശാല 66 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. എം ജി സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടുമ്പോഴാണ് കേരള സര്‍വകലാശാല ഇവക്ക് അനുവാദം നല്‍കുന്നത്. ഈ മാസം അഞ്ചിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് 66 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളെന്ന് വിളിക്കുന്ന ഓഫ് ക്യാമ്പസ് സെന്ററുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്. തിരുവനന്തപുരത്ത് 26, കൊല്ലത്ത് 23, പത്തനംതിട്ട മൂന്ന് ആലപ്പുഴയില്‍ 14 ഇങ്ങനെയാണ് ഇവ നിലവില്‍ വരുന്നത്.
കഴിഞ്ഞ ദിവസം എം ജി സര്‍വകലാശാലയുടെ കീഴിലെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിരുന്നു. 78 എണ്ണം നേരത്തെ പൂട്ടിയിരുന്നു. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കാണിച്ചാണ് ഗവര്‍ണര്‍ ഈ തീരുമാനമെടുത്തത്.
സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും പറഞ്ഞിരുന്നു. ഇതൊന്നും കേരള സര്‍വകലാശാല ചെവികൊണ്ടിട്ടില്ല. 20,000 രൂപക്കാണ് അപേക്ഷാഫോം നല്‍കിയത്. തിരഞ്ഞെടുത്തവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഡെപ്പോസിറ്റ് ഈടാക്കിയാണ് അനുമതി നല്‍കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകളും നേരത്തെ പൂട്ടിയിരുന്നു. സര്‍വകലാശാല നേരിട്ട് നടത്തിയിരുന്ന വിദൂര പഠന സംവിധാനത്തെ തളര്‍ത്തി, സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ലേണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Latest