യോഗ പരിശീലനത്തില്‍ കാക്കിയണിഞ്ഞ് ആര്‍ എസ് എസുകാര്‍; കോട്ടയം ജില്ലാ പഞ്ചായത്ത് പരിപാടി വിവാദത്തില്‍

Posted on: June 20, 2015 5:46 am | Last updated: June 20, 2015 at 12:46 am

കോട്ടയം: രാജ്യാന്തര യോഗദിനാചരണം മതത്തിന്റെയോ സംഘടനയുടെയോ പരിപാടിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആണയിടുന്നതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പരിശീലന പരിപാടിയില്‍ കാക്കി നിക്കറണിഞ്ഞ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത് വിവാദമാകുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരും കാക്കിയണിഞ്ഞ് പങ്കെടുത്തത്. ആര്‍ എസ് എസിന്റെ ദൈനംദിന വ്യായാമ മുറകളില്‍ യോഗാസനവും ഉള്‍പ്പെടുന്നുവെന്നിരിക്കെ യോഗാ പരിശീലന പരിപാടിയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തതാണ് ആരോപണങ്ങള്‍ക്കിടയാക്കിയത്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങ് ഒരു സംഘടനയുടെ പ്രചാരണ വേദിയാക്കിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ അധ്യക്ഷനായി ജില്ലാ കലക്ടര്‍ യു വി ജോസും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജി വാര്യര്‍, എ ഡി എം ടി വി സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു.