ഉത്തരം വില്‍പ്പനയിലെ ഒന്നാം പ്രതി ആരാണ്?

Posted on: June 20, 2015 6:00 am | Last updated: June 19, 2015 at 11:33 pm

STETHESCOPE DOCTORഅഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചികയും ഒരേ പോലെ ചോര്‍ന്നതും സുപ്രീം കോടതി ഇടപ്പെട്ട് പരീക്ഷാ ഫലം റദ്ദാക്കിയതും സൃഷ്ടിച്ച ആഘാതങ്ങള്‍ സമീപഭാവിയിലൊന്നും പരിഹരിക്കാന്‍ കഴിയാത്തവിധം രൂക്ഷമായ പ്രശ്‌നമാണ്. പ്രവേശന പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്നത്. അതിനെല്ലാം കാരണമായ വ്യവസ്ഥിതിയുടെ ജീര്‍ണത പേറുന്ന അധികാരികളാണ് പ്രതിക്കൂട്ടില്‍ തല കുമ്പിട്ടു നില്‍ക്കുന്നത്. പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കണ്ടറി എജ്യുക്കേഷന്റെ രഹസ്യ അക്കാദമിക വിഭാഗം തയ്യാറാക്കിയ 180 ചോദ്യങ്ങളില്‍ 123 എണ്ണവും ചോര്‍ന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം ഉത്തര സൂചികയും അതേ ലോബി തന്നെയാണ് ചോര്‍ത്തിയിരിക്കുന്നത്.
2012-ല്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിന്റെയും പരീക്ഷാ ചോദ്യങ്ങള്‍ ചോര്‍ത്തിയ വ്യക്തി തന്നെയാണ് ഇതിലെയും പ്രതിയെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാണിക്കുകയാണ്. അവര്‍ അത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ വഴി അയച്ചുകൊടുക്കുകയും ചെയ്തുവത്രെ! അവരില്‍ പലരെയും കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്ത് നടപടിയാണ് രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തത്, ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
ആറര ലക്ഷം വിദ്യാര്‍ഥികളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. ഒരു മാസത്തിനകം വീണ്ടും പരീക്ഷ നടത്തുക എന്നത് ഒരു വലിയ പരിശ്രമം ആവശ്യമുള്ള കാര്യമാണ്. പക്ഷേ, ആ ചുമതല വീണ്ടും സി ബി എസ് ഇ യെ തന്നെയാണ് സുപ്രീം കോടതി ഏല്‍പ്പിച്ചത്. ബോര്‍ഡിന് ഇക്കാര്യത്തിലുള്ള പങ്കെന്താണ് എന്ന് അന്വേഷിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പറയുന്നില്ല എന്ന കാര്യം ഗൗരവമേറിയതാണ്. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാത്രമാണ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള സി ബി എസ് ഇയുടെ ആദ്യ പ്രതികരണം വളരെയേറെ ലളിതവത്കരിക്കപ്പെട്ട ഒന്നായിരുന്നു. കേവലം 44 വിദ്യാര്‍ഥികള്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ആറര ലക്ഷം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ പുനഃപരീക്ഷ നടത്താന്‍ പാടില്ല എന്നാണ് അവര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. അതില്‍ നിന്നുതന്നെ അതിന്റെ ഗൗരവം ബോര്‍ഡ് ഉള്‍ക്കൊണ്ടിട്ടില്ല എന്ന് മനസ്സിലാക്കാം. എന്നു മാത്രവുമല്ല, വര്‍ഷങ്ങളായി ഹരിയാനയിലും മറ്റും തട്ടിപ്പുകള്‍ നടത്തുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരീക്ഷാ ബോര്‍ഡിലെ ഉന്നതരായ ചിലര്‍ അവരെ സഹായിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങളെയും അത് സാധൂകരിക്കുന്നു. ബോര്‍ഡിലെ വമ്പന്‍മാരുടെ സഹായമില്ലാതെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ പോലെ രഹസ്യസ്വഭാവത്തില്‍ നടത്തുന്ന ഒരു പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചികയുമൊന്നും ചോരില്ല. അതുകൊണ്ട് പ്രതിസ്ഥാനത്ത് ഒന്നാമതായി സി ബി എസ് ഇ തന്നെയാണ്. അന്വേഷണം പ്രാഥമികമായി നടത്തേണ്ടത് ആ ദിശയിലാണ്.
സി ബി എസ് ഇക്കെതിരെ ആരോപണങ്ങള്‍ ഇതാദ്യമല്ല. രാജ്യത്തെ വ്യത്യസ്ത മാനേജുമെന്റുകള്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ക്കും ചൂഷണങ്ങള്‍ക്കും അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും ബോര്‍ഡ് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുകയാണ്. വിശേഷിച്ചും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരും ആയിരക്കണക്കിന് പരാതികളാണ് അയച്ചിട്ടുള്ളത്. ചില കേസുകള്‍ കോടതിയുടെ പരിഗണനയിലുമാണ്. അതുകൊണ്ട് പ്രവേശന പരീക്ഷയില്‍ ഉണ്ടായ ക്രമക്കേടുകള്‍ക്ക് പരിഹാരം കാണണമെങ്കില്‍ വലിയ ശിക്ഷ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ടി വരും.
തട്ടിപ്പ് എങ്ങനെ നടന്നുവെന്ന് വിശദീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. (പിന്നീട് കഴിയുമോ എന്ന് കണ്ടറിയണം) പ്രതികളെ പേരെടുത്ത് പറയാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞിരിക്കുന്നുവെന്നത് ദിശാ സൂചകമാണ്. അതിലെ ചെറിയ മീനുകള്‍ വലയില്‍ കൂടുങ്ങുന്നു. വലിയ മീനുകള്‍ രക്ഷപ്പെടും. പോലീസ് ചിലന്തി വലയാണ് ഒരുക്കുന്നത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രം ലജ്ജാകരമാണല്ലോ.
ഈ സന്ദര്‍ഭം ഉപയോഗിച്ച് പ്രവേശന പരീക്ഷ വേണോ, ആള്‍ ഇന്ത്യക്വോട്ട വേണോ എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുണ്ട്. കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇതോടെ-അവസാനിപ്പിക്കണമെന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രി തന്നെ സമീപകാലത്ത് പറഞ്ഞിരുന്നു. എന്നുവച്ചാല്‍, ഒരു പൊതു മാനദണ്ഡം പ്രവേശനത്തിന് വേണ്ട എന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ വന്നെത്തിക്കൊണ്ടിരിക്കുന്നത്. മാനേജുമെന്റുകള്‍ അവരുടേതായ പ്രവേശന പരീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണിത്. വിദ്യാഭ്യാസ വാണിഭത്തിന് ഒരു വിധ തടസ്സവും പാടില്ലല്ലോ. മെറിറ്റ് പൂര്‍ണ്ണമായി അട്ടിമറിക്കാന്‍ ആസൂത്രിതമായി കരുക്കള്‍ നീക്കുന്ന മാനേജുമെന്റ് മാഫിയകള്‍ക്ക് പൊതു പ്രവേശന പരീക്ഷ ഒരു തലവേദനയാണ്. ലക്ഷങ്ങള്‍ കോഴയും തലവരിയും വാങ്ങി പ്രവേശനം നടത്തിക്കൊണ്ടിരിക്കുന്ന സ്വാശ്രയ ലോബികള്‍ക്ക് വേണ്ടിയാണോ പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്നത് എന്ന സംശയവും ബലപ്പെടുന്നു. എന്തായാലും ഒരുപാട് ഒളിയമ്പുകള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ അട്ടിമറിയാണിത്. കോടികള്‍ കമ്മീഷന്‍ വാങ്ങിയാണ് ഉത്തര വില്‍പ്പന നടത്തിയതെന്ന് വ്യക്തവുമാണ്.
എല്ലാ നീതിബോധത്തെയും ചോദ്യം ചെയ്യുന്ന ഈ തട്ടിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവര്‍ക്ക് ഒത്താശ ചെയ്തവരേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നതാണ് ഒന്നാമതായി വേണ്ടത്. രണ്ടാമത്, പൊതു പ്രവേശന പരീക്ഷയുടെ നടത്തിപ്പു ചുമതല സി ബി എസ് ഇ യില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കുകയും വേണം. സുതാര്യവും വിശ്വാസ്യവുമായ മറ്റൊരു ഏജന്‍സിയെ കണ്ടെത്തുക. ഈ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുക.