Connect with us

Kerala

ഉമ്മന്‍ചാണ്ടി പിന്തുടരുന്നത് രണ്ട് തരം നീതി: വെള്ളാപ്പള്ളി

Published

|

Last Updated

കൊല്ലം: എസ് എന്‍ ഡി പിയുടെ കോളജുകളിലെ അധ്യാപക ഒഴിവുകള്‍ നികത്തുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അലംഭാവം തുടരുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എന്‍ ഡിപിക്ക് ഒരു നിയമം, മറ്റുള്ള സമുദായങ്ങള്‍ക്ക് വേറെ നിയമം എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിയിട്ട് പ്രതിഷേധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ് എന്‍ ഡി പിയെ ആര്‍ എസ് എസ് വിഴുങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ല. അങ്ങിനെ സംഭവിക്കുമോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങള്‍ ഇത് തെറ്റിദ്ധരിച്ചതാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരുവിക്കരയില്‍ എല്‍ ഡി എഫിന് വേണ്ടി എല്ലാവരും പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. ചിലര്‍ ഇറങ്ങി, ചിലര്‍ ഇറങ്ങുന്നില്ല എന്നെല്ലാമുള്ള കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ബഹളം പിടിക്കേണ്ട കാര്യമില്ല.പ്രവീണ്‍ തൊഗാഡിയ അല്ല അതിന്റെ അപ്പുറത്തെ ആടിയ വന്നാലും ആശയം നല്ലതാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കും. ആരു പറഞ്ഞു എന്നതല്ല എന്തു പറഞ്ഞു എന്നതാണ് കേള്‍ക്കേണ്ടത്. സഹായവുമായി ആരെങ്കിലും വരുമ്പോള്‍ സ്വീകരിക്കാതിരിക്കുന്നത് മണ്ടത്തരമാകും. വെള്ളാപ്പള്ളി പറഞ്ഞു.