എയിംസ് സ്ഥാപിക്കാന്‍ മഹോബക്കാര്‍ നോമ്പെടുക്കുന്നു

Posted on: June 19, 2015 12:20 am | Last updated: June 19, 2015 at 12:20 am

ramzanലക്‌നോ: മതസൗഹാര്‍ദ സന്ദേശമോതിയും എ ഐ ഐ എം എസ് സ്ഥാപിക്കുന്നതിന് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും ഉത്തര്‍പ്രദേശില്‍ ഒരു കൂട്ടം ഹിന്ദു സഹോദരന്മാര്‍ റമസാന്‍ നോമ്പെടുക്കുന്നു. മഹോബ ജില്ലയിലുള്ള 25 ഓളം പേരാണ് മുസ്‌ലിം സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഉദ്യമത്തിന് രണ്ട് ഉദ്ദേശ്യങ്ങളാണുള്ളതെന്ന് ബുന്‍ഡേലി സമാജത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ താരാ പദ്കര്‍ പറഞ്ഞു. അതിലൊന്ന് മതസൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കുക, മറ്റൊന്ന് മഹോബയില്‍ എ ഐ ഐ എം എസ് സ്ഥാപിക്കുന്നതിന് അധികൃതരുടെ കണ്ണ് തുറപ്പിക്കുക. ദുര്‍ബലമായ ആരോഗ്യ സംവിധാനമാണ് ജില്ലയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യോഗയുടെ പേരില്‍ രാഷ്ട്രീയക്കാര്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. എന്നാല്‍ എ ഐ ഐ എം എസ് സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ ഐക്യശ്രമങ്ങള്‍ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മുസ്‌ലിം യുവാക്കളും കുട്ടികളും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് വേണ്ടി റെയില്‍വേ സ്റ്റേഷനുകളിലും ബസ്‌സ്റ്റോപ്പുകളിലും പ്രചാരണം നടത്തുന്നുണ്ട്. വളരെ പരിമിതിമായ ആരോഗ്യസംവിധാനമുള്ള ജില്ലയിലെ രോഗികളെ കാണ്‍പൂര്‍, ലക്‌നോ, ആഗ്ര ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് പ്രവേശിപ്പിപ്പിക്കുന്നത്. ഇതിനു പുറമെ മധ്യപ്രദേശിലെ ആശുപത്രികളെയും ആശ്രയിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.