ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്: സൈനികനെ മ്യാന്‍മര്‍ തടവിലാക്കി

Posted on: June 18, 2015 6:00 am | Last updated: June 17, 2015 at 11:56 pm

ധാക്കാ: ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തി രക്ഷാ സേനകള്‍ തമ്മില്‍ രൂക്ഷ വെടിവെപ്പ്.
സംഭവത്തില്‍ ഒരു ബംഗ്ലാദേശി അതിര്‍ത്തി രക്ഷാ സൈനികന് പരുക്കേല്‍ക്കുകയും മറ്റൊരാളെ മ്യാന്‍മര്‍ സേന തടവിലാക്കുകയും ചെയ്തു. തെറ്റിധാരണ മൂലമുള്ള വെടിവെപ്പ് എന്നാണ് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേനാ ഡയറക്ടര്‍ ഇക്രം ഖാന്‍ പറഞ്ഞത്.
ഇരു രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന നാഫ് നദിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംദ്‌ലാദേശി ബോട്ടിന് നേരെ മ്യാന്‍മര്‍ അതിര്‍ത്തി സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇത്തരം പെട്രോളിംഗുകള്‍ ബംഗ്ലാദേശ് സേന നടത്താറുണ്ടെങ്കിലും ഇത്തവണ കൊള്ളക്കാരാണെന്ന് തെറ്റദ്ധരിച്ച് മ്യാന്‍മര്‍ സൈനികര്‍ വെടിയുതുര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്തിനാണ് ഒരു സൈനികനെ തടഞ്ഞു വെച്ചത് എന്ന് വ്യക്തമല്ല.
ഇരു രാജ്യങ്ങള്‍ക്കിടയില്‍ കള്ളക്കടത്തിന് കുപ്രസിദ്ധമായ പ്രദേശത്ത് തന്നെയാണ് ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്. ഈയടുത്ത് അഭയാര്‍ഥി പ്രവാഹം ഉണ്ടായതും ഇതുവഴിയാണ്.
എന്നാല്‍ ഇവിടെ അതിര്‍ത്തി രക്ഷാസൈനികര്‍ക്കിടയില്‍ സംഘര്‍ഷം വളരെ കുറവാണ്. മ്യാന്‍മര്‍ സൈനികര്‍ വെടിയുതുര്ഡത്തപ്പോള്‍ ഉടന്‍ സൈന്യം തിരിച്ചടിച്ചുവെന്നും ബിപ്‌ലോബ് കുമാര്‍ എന്ന് സൈനികനാണ് പരുക്കേറ്റതെന്നും ബംഗ്ലാദേശി സൈനിക വക്താവ് പറഞ്ഞു.
അബ്ദുര്‍റസാഖ് എന്നസൈനികനാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇദ്ദേഹത്തെ സൈനിക ക്യാമ്പിലേക്ക് കൊണ്ടു പോയതായാണ് വിവരം. ഉടന്‍ ഫ്‌ലാഗ് മീറ്റംഗ് നടക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും വക്താവ് പറഞ്ഞു. എന്നാല്‍ മീറ്റിംഗിന്റെ സമയം നിശ്ചയിച്ചിട്ടില്ല.
മ്യാന്‍മറില്‍ നിന്ന് ആയിരക്കണക്കിന് റോഹിംഗ്യ മുസ്‌ലിംകള്‍ പലായനം ചെയ്യാറുള്ളത് നാഫ് നദി വഴിയാണ്.