തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സൂഫി ചിന്തകള്‍ മാത്രം; അന്താരാഷ്ട്ര സൂഫി പണ്ഡിത സംഗമം

Posted on: June 17, 2015 5:45 am | Last updated: June 16, 2015 at 11:47 pm
International Sufi Conf. at Morocco
മൊറോക്കോ സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി പണ്ഡിത സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തുന്നു

മൊറോക്കോ: തീവ്രവാദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇസ്‌ലാമിക സൂഫി ചിന്തകള്‍ക്ക് മാത്രമാണ് സാധ്യമാവുകയെന്ന് മൊറോക്കോയില്‍ നടന്ന അന്താരാഷ്ട്ര സൂഫി പണ്ഡിത സമ്മേളനം. മൊറോക്കോ സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് അധ്യാത്മികത നീങ്ങിയപ്പോഴാണ് തീവ്രവാദം ലോക രാഷ്ട്രങ്ങളില്‍ വളര്‍ന്ന് വന്നത്. സൂഫി ഗുരുക്കന്മാരുടെ സ്വാധീനമുള്ള കാലങ്ങളില്‍ ഭീകരവാദ പ്രവണതകള്‍ ഉണ്ടായിരുന്നില്ല. തീവ്രവാദത്തെ ചെറുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഫലപ്രദമല്ലാതെ വരുന്ന സാഹചര്യത്തില്‍ സൂഫി ചിന്തകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇതിനാല്‍ അധ്യാത്മിക മാര്‍ഗത്തില്‍ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. സൂഫി പണ്ഡിതന്മാരുടെ ശക്തമായ നേതൃത്വത്തില്‍ മുസ്‌ലിംകളും അല്ലാത്തവരും ജീവിച്ചിരുന്ന ചരിത്രം വിവിധ രാഷ്ട്രങ്ങളിലുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ തീവ്രവാദ-അക്രമ ചിന്തകള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അസാധ്യമായിരുന്നു. സമാധാനത്തിന്റെ സൂഫി സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ അസിലാലില്‍ രണ്ട് ദിവസം നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പത്ത് സെഷനുകളിലായി വിവിധ ആനുകാലിക അധ്യാത്മിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
മൊറോക്കോയിലെ സൂഫി വര്യനായിരുന്ന ശൈഖ് ഇബ്‌റാഹീം അല്‍ ബസ്വീറിന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച സമ്മേളനം ഡോ.അബ്ദുല്‍ മുഈസ് മൊറോക്കോ ഉദ്ഘാടനം ചെയ്തു. ഡോ. ഉസാമ രിഫാഈ ലബനാന്‍, സയ്യിദ് ലഖ്ത് ഹസ്‌നൈന്‍ ബ്രിട്ടന്‍, ഹാമിദ് അബ്ദുര്‍റഹ്മാന്‍ഹംദാമ്പി സുഡാന്‍, ഡോ.അംജദ് അസീസ് പാകിസ്ഥാന്‍, ഉസ്താദ് വലീദ് മഗ്‌രിബി ഫലസ്തീന്‍ സംസാരിച്ചു.