ലോക രാഷ്ട്രങ്ങള്‍ക്ക് ആംനസ്റ്റിയുടെ വിമര്‍ശനം

Posted on: June 16, 2015 6:01 am | Last updated: June 15, 2015 at 11:41 pm

ന്യൂയോര്‍ക്ക്: ദശലക്ഷകണക്കിന് അഭയാര്‍ഥികളെ ദുര്‍ഘടമായ അവസ്ഥയില്‍ ഉപേക്ഷിച്ചതില്‍ ലോക രാജ്യങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിമര്‍ശിച്ചു. അഭയാര്‍ഥികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളോടൊപ്പം സഹകരിക്കാനും ആംനസ്റ്റി ആവശ്യപ്പെട്ടു. ആന്‍ഡമാനില്‍ നിന്നും മെഡിറ്റേറേനിയനിലേക്ക് പുറപ്പെട്ട അഭയാര്‍ഥികള്‍ സുരക്ഷിതമായ കേന്ദ്രത്തെകുറിച്ച് ആശയറ്റവരാണെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറഞ്ഞു. ലോക അഭയാര്‍ഥി ദിനമായ ജൂണ്‍ 20ന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആംനസ്റ്റി ലോകരാജ്യങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.
നിലവില്‍ ലോകത്തുള്ള അഭയാര്‍ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ആഗോള സമൂഹം ഒന്നാകെ ചേര്‍ന്ന് പരിഹരിക്കേണ്ട വിഷയമായി അതിനെ കാണാത്തിടത്തോളം അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും സലില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോക സമൂഹത്തെ പ്രേരിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ദശലക്ഷം അഭയാര്‍ത്ഥികള്‍ക്കുള്ള പാര്‍പ്പിടങ്ങളൊരുക്കുമെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭയാര്‍ഥി പ്രതിസന്ധി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശക്തമായ വെല്ലുവിളികളിലൊന്നാണെന്നും ഇതിനോടുള്ള ലോകരാഷ്ടങ്ങളുടെ സമീപനം ലജ്ജാവഹമാണെന്നും സലില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.