ഷാര്‍ജ പുസ്തകോത്സവം; 90 ശതമാനം പവലിയനുകള്‍ ബുക്ക് ചെയ്തു

Posted on: June 15, 2015 6:00 pm | Last updated: June 15, 2015 at 7:00 pm

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് അഞ്ച് മാസം ബാക്കിയിരിക്കെ 90 ശതമാനം പവലിയനുകളും പ്രസാധകര്‍ ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് ചെയര്‍മാന്‍ അഹ്മദ് ബിന്‍ റകദ് അല്‍ അമീരി അറിയിച്ചു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബറിലാണ് പുസ്തകോത്സവം. മെയ് 15 തൊട്ട് ബുക്കിംഗ് തുടങ്ങി. അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായത്. 26,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദര്‍ശന കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പവലിയനുകളുണ്ടാകും.
കഴിഞ്ഞ വര്‍ഷം 14.7 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 1256 പ്രസാധകര്‍ 59 രാജ്യങ്ങളില്‍ നിന്നായി എത്തി. 17.8 കോടി ദിര്‍ഹമിന്റെ വ്യാപാരമാണ് നടന്നത്. ഈ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുദ്ധിജീവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എത്തുമെന്നും അല്‍ അമീരി അറിയിച്ചു.