ഉച്ച വിശ്രമം; അബുദാബി നഗരസഭ ബോധവത്കരണം തുടങ്ങി

Posted on: June 15, 2015 6:30 pm | Last updated: June 15, 2015 at 6:30 pm

abudabiഅബുദാബി: പുറം ജോലികളില്‍ ഏര്‍പെടുന്ന തൊഴിലാളികള്‍ക്ക് വേണ്ടി അബുദാബി നഗരസഭ ബോധവത്കരണം തുടങ്ങി. കടുത്ത ചൂടിനെ എങ്ങിനെ തരണം ചെയ്യാമെന്നത് സംബന്ധിച്ചാണ് ബോധവത്കരണമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ മന്ത്രാലയം, അബുദാബി ഒക്ക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത് സെന്റര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണം. സൂര്യാഘാതവും ഉച്ച ജോലി നിരോധവും എന്ന ആശയം അടിസ്ഥാനപ്പെടുത്തി കരാറുകാര്‍ക്കും കണ്‍സള്‍ട്ടന്റുകള്‍ക്കും ശില്‍പശാല നടത്തി. ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് ജാഗ്രത വേണമെന്ന് അബുദാബി ടൗണ്‍ പ്ലാനിംഗ് വിഭാഗം വ്യക്തമാക്കി.
ഉച്ച വിശ്രമ നിയമം ഇന്ന് പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ ഉച്ച 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ പുറം ജോലികള്‍ ചെയ്യരുതെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ലഘുലേഖകളും മറ്റും വിതരണം ചെയ്തു. ഉച്ച വിശ്രമം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. 12 ന് മുമ്പ് ചൂട് കൂടുതലാണെങ്കില്‍ ഇവര്‍ക്ക് തണല്‍ സൗകര്യം ഏര്‍പെടുത്തണമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.