തുര്‍ക്കിയിലെ വന്‍ വീഴ്ചകള്‍

Posted on: June 15, 2015 4:45 am | Last updated: June 14, 2015 at 9:48 pm

urdukhanതുര്‍ക്കി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്? ഒരു കൂട്ടര്‍ പറയുന്നു ഒന്നും സംഭവിച്ചിട്ടില്ലെന്ന്. ഭരണ കക്ഷി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രധാനമന്ത്രി മാറില്ല. പ്രസിഡന്റ് മാറില്ല. ഭരണ സംവിധാനത്തിലും മാറ്റം വരില്ല. എല്ലാം പഴയത് പോലെ. പിന്നെ ചില സീറ്റുകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട്. ചില കക്ഷികള്‍ പാര്‍ലിമെന്റില്‍ പുതുതായി എത്തി. അത്രമാത്രം. തുര്‍ക്കി ജനത പുതിയ ഒരു അവബോധവും മുന്നോട്ട് വെച്ചിട്ടില്ല. രാഷ്ട്രീയ മാറ്റത്തിന്റെ ഒരു സൂചനയും ഉണ്ടായിട്ടില്ലെന്നും ഇക്കൂട്ടര്‍ തട്ടിവിടുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള ചില പൊതു സ്വഭാവങ്ങള്‍ പങ്കുവെക്കുന്ന കൂട്ടരാണ് തുര്‍ക്കി ഫലം വിശകലനം ചെയ്ത് വിയര്‍ക്കുന്നത്. എന്ത്‌കൊണ്ടാണ് ഇവര്‍ ഇങ്ങനെ പാടുപെടുന്നത്? എന്താണ് ഇവര്‍ ഒളിക്കാന്‍ ശ്രമിക്കുന്നത്? ആദ്യം ഫലത്തിന്റെ കണക്കും വസ്തുതകളും നോക്കാം. വഴിയേ അതിന്റെ രാഷ്ട്രീയവും.
തുര്‍ക്കി ഗ്രാന്‍ഡ് ജനറല്‍ അസംബ്ലി എന്ന പാര്‍ലിമെന്റില്‍ ആകെ 550 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 276 സീറ്റ് വേണം. ഭരണകക്ഷിയായ എ കെ പാര്‍ട്ടി നേടിയത് 258 സീറ്റാണ്. കേവല ഭൂരിപക്ഷത്തിന് 18 സീറ്റിന്റെ കുറവ്. 40.86 ശതമാനം വോട്ടാണ് പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് ലഭിച്ചതെന്നര്‍ഥം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തോളം വോട്ടും 311 സീറ്റും പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തുര്‍ക്കി ജനത ഒന്നാകെ ബൂത്തിലെത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലധികം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ ജയിച്ചത്. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി എച്ച് പി) 24. 9 ശതമാനവും നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എം എച്ച് പി) 16.29 ശതമാനവും കുര്‍ദ് പാര്‍ട്ടിയായ എച്ച് ഡി പി 13.12 ശതമാനവും വോട്ട് നേടി. 13 വര്‍ഷത്തിനിടയില്‍ നടന്ന ഏഴ് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയം കൊയ്ത പാര്‍ട്ടിയാണ് ഉര്‍ദുഗാന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എ കെ പാര്‍ട്ടി- അദാലത്ത് വേ കല്‍ക്കിന്‍മ). രാജ്യത്തിന്റെ ഭരണക്രമത്തില്‍ അടുക്കും ചിട്ടയും ഉണ്ടാക്കിയ നേതാവാണ് ഉര്‍ദുഗാന്‍. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ് തുര്‍ക്കി അതിന്റെ ചരിത്രത്തോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്ന പ്രതിച്ഛായ കൈവരിച്ചത്. കമാല്‍ പാഷ യുഗത്തിലെ തീവ്ര മതേതരത്വത്തിന് പകരം മതത്തിന് അര്‍ഹമായ ഇടം സാധ്യമാക്കിയ നേതാവാണ് അദ്ദേഹം. സാമ്പത്തിക സ്ഥിരതയിലേക്ക് രാജ്യത്തെ നയിക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചു. നീതിന്യായ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും അമിതാധികാര പ്രയോഗങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തിന് ലോകം പലപ്പോഴും കാതോര്‍ത്തിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെ ഏറ്റവും ധീരമായ ശബ്ദം കേട്ടത് ഈ നേതാവില്‍ നിന്നായിരുന്നു.
എന്നിട്ടിപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കേവല ഭൂരിപക്ഷം പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞത് എന്ത്‌കൊണ്ടാണ്? തന്റെ വിശ്വസ്തനും മുന്‍ വിദേശകാര്യ മന്ത്രിയുമായ അഹ്മദ് ദാവൂദോഗ്‌ലുവിനെ പ്രധാനമന്ത്രിയാക്കി പ്രസിഡന്റ്പദത്തിലേക്ക് പടര്‍ന്ന ഉര്‍ദുഗാന് എവിടെയാണ് പിഴച്ചത്? തികച്ചും നിഷ്പക്ഷത പുലര്‍ത്തേണ്ട പദവിയിലായിരുന്നിട്ടും സ്വന്തം പാര്‍ട്ടിക്ക് വേണ്ടി ഉര്‍ദുഗാന്‍ പ്രചാരണം നടത്തിയെന്ന പഴി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്നതാണ്. ഭരണയന്ത്രം വലിയ തോതില്‍ എ കെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന ആരോപണവും കേട്ടു. ഇതൊക്കെയായിട്ടും ഭരണകക്ഷിക്ക് സ്വന്തം നില ഭദ്രമാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനര്‍ഥം ജനങ്ങള്‍ അവര്‍ക്ക് കൃത്യമായ സന്ദേശം നല്‍കിയെന്ന് തന്നെയാണ്.
കുറുത്ത കുതിര
കണക്കുകള്‍ നോക്കുമ്പോള്‍ എ കെ പാര്‍ട്ടിയെ തോല്‍പ്പിച്ചത് കുര്‍ദ് പാര്‍ട്ടിയായ എച്ച് ഡി പിയാണെന്ന് പറയാം. ഈ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയാണ് ഈ പാര്‍ട്ടി. പാര്‍ലിമെന്റില്‍ പ്രവേശിക്കുന്നതിനുള്ള പത്ത് ശതമാനം വോട്ട് നിബന്ധന അവര്‍ മറികടന്നു. തുര്‍ക്കി ചട്ടം പ്രകാരം എത്ര സീറ്റ് കിട്ടിയിട്ടും കാര്യമില്ല, ഒരു പാര്‍ട്ടി ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്ത് ശതമാനത്തില്‍ അധികം നേടുമ്പോള്‍ മാത്രമേ പാര്‍ലിമെന്റില്‍ അംഗത്വം നേടുന്നുള്ളൂ. ഇതാദ്യമായി കുര്‍ദ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ എത്തുകയാണ്. ഏകദേശം 90 ലക്ഷം കുര്‍ദ് വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഇതില്‍ 60 ലക്ഷം വോട്ടും ഈ പാര്‍ട്ടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം നേരത്തേ എ കെ പാര്‍ട്ടിക്ക് വോട്ട് ചെയ്തവരാണ്. സ്വലാഹുദ്ദീന്‍ ദിമിര്‍താസ് എന്ന കുര്‍ദ് നേതാവിന്റെ ഉദയം കൂടി ഇതോടൊപ്പം സംഭവിക്കുന്നുണ്ട്. 42 കാരനായ സ്വലാഹുദ്ദീന് ഉര്‍ദുഗാനോട് താരതമ്യം അര്‍ഹിക്കുന്ന വാക്ചാതുരിയുണ്ട്. ചരിത്രത്തെയാണ് അദ്ദേഹം വര്‍ത്തമാന കാലത്തെ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിച്ചത്. 2014ല്‍ മാത്രം രൂപവത്കൃതമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച് ഡി പി)ക്ക് ചരിത്രമല്ലാതെ വര്‍ത്തമാനമൊന്നുമില്ലല്ലോ. തുര്‍ക്കിയിലെ പ്രബല ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ കുര്‍ദുകള്‍ക്ക് കാലാകാലങ്ങളിലുള്ള ഭരണാധികാരികള്‍ അവരുടെ പ്രഥമിക അവകാശം പോലും വകവെച്ച് കൊടുത്തിരുന്നില്ല. അവരുടെ ഭാഷയും വ്യതിരിക്തമായ സംസ്‌കാരവും അംഗീകരിച്ചു കിട്ടാന്‍ വേണ്ടി പലപ്പോഴും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയോ വഴിയാണ് ഈ സമൂഹം സ്വീകരിച്ചത്. 1930കള്‍ മുതല്‍ എഴുപതുകള്‍ ഇത് വലിയ ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് വഴിവെച്ചു. 1978ല്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ) രൂപവത്കരിച്ചതോടെ ഈ രക്തരൂഷിത പോരാട്ടങ്ങള്‍ ശക്തമായി. 2013ല്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാറിന്റെ ബലത്തിലാണ് ഇപ്പോള്‍ സമാധാനം കൈവരിച്ചിരിക്കുന്നത്. എന്നാല്‍ സിറിയന്‍ അതിര്‍ത്തി പ്രദേശമായ കൊബാനിയില്‍ ഇസില്‍ സംഘം നടത്തിയ അധിനിവേശവും തുടര്‍ന്ന് അവരെ തുരത്താന്‍ അമേരിക്കന്‍ സഹായത്തോടെ നടക്കുന്ന വ്യോമാക്രമണവും കുര്‍ദ് ജീവിതം അരക്ഷിതമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ തുര്‍ക്കി ഭരണകൂടത്തിന്റെ ഇടപെടല്‍ ഫലപ്രദമായില്ലെന്ന വികാരം മുതലെടുക്കാന്‍ സ്വലാഹുദ്ദീന് സാധിച്ചു. മാത്രമല്ല, വെടിനിര്‍ത്തലിന്റെ ശാന്തത പോലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഗുണകരമായി ഭവിക്കുകയായിരുന്നു. സ്വവര്‍ഗരതിക്കാര്‍, അരാജകവാദികളായ കലാകാരന്‍മാര്‍ എന്നുവേണ്ട എല്ലാ തരം ന്യൂനപക്ഷങ്ങളുടെയും നേതാവായി സ്വയം അവരോധിക്കാന്‍ ഈ യുവനേതാവിന് സാധിച്ചു. ഈ മനുഷ്യനെ പാശ്ചാത്യ മാധ്യമങ്ങള്‍ വല്ലാതെ വാഴ്ത്തുന്നതിന്റെ പൊരുളും അത് തന്നെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി 298 സ്ത്രീകളെ മത്സരിപ്പിച്ചുവെന്നോര്‍ക്കണം. ഉര്‍ദുഗാന്റെ പാര്‍ട്ടി സ്ത്രീകളെ രംഗത്തിറക്കിയത് 90 സീറ്റുകളിലാണ്. യസീദികള്‍. ജൂതന്‍മാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ ചെറു ന്യൂനപക്ഷങ്ങളെല്ലാം കുര്‍ദ് നേതാവിനെ പിന്തുണച്ചുവെന്ന് വേണം മനസ്സിലാക്കാന്‍.
അധികാര കേന്ദ്രീകരണം
‘400 സീറ്റ് തരൂ, തുര്‍ക്കിയെ ഞാന്‍ മാറ്റി തരാം’ എന്ന ഉര്‍ദുഗാന്റെ പ്രചാരണ മുദ്രാവാക്യം തന്നെയാണ് അദ്ദേഹത്തിന് വിനയായത്. ആ മുദ്രാവാക്യം അധികാര പ്രമത്തതയുടെയും അധികാര കേന്ദ്രീകരണത്തിന്റെയും പ്രതീകമായിരുന്നു. ഭരണഘടന മാറ്റിയെഴുതാനുള്ള 367 സീറ്റിന്റെ ഭൂരിപക്ഷം ലഭിച്ചാല്‍ ഇപ്പോഴുള്ള പാര്‍ലിമെന്ററി സമ്പ്രദായം പൊളിച്ചെഴുതുമെന്നും അമേരിക്കന്‍ മാതൃകയില്‍ പ്രസിഡന്റ് ഭരണം കൊണ്ടു വരുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ഇതോടെ ഭരണ സംവിധാനം മാറണോ വേണ്ടയോ എന്ന ഹിതപരിശോധനയായി തിരഞ്ഞെടുപ്പ് രൂപാന്തരം പ്രാപിച്ചു. ഉര്‍ദുഗാന്റെ പ്രസിഡന്‍ഷ്യല്‍ സ്വപ്‌നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. 13 വര്‍ഷം അധികാരത്തിലിരുന്നതിന്റെ അഹങ്കാരമാണ് ഉര്‍ദുഗാനെന്ന് അവര്‍ പ്രചരിപ്പിച്ചു. കോടതിയെ പരസ്യമായി വെല്ലുവിളിക്കുന്ന ഉര്‍ദുഗാന്റെ സമീപനവും വലിയ ചര്‍ച്ചയായി. യൂട്യൂബ്, സാമൂഹിക മാധ്യമ നിരോധത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തുറന്ന് കാട്ടി. തുര്‍ക്കിയെ ഒരു സ്വേച്ഛാധിപത്യ, മതാധിപത്യ സംവിധാനത്തിലേക്ക് കൊണ്ടു പോകുകയാണെന്ന് പ്രചരിപ്പിക്കാനുള്ള എല്ലാ ആയുധങ്ങളും ഉര്‍ദുഗാന്‍ നിരന്തരം നല്‍കിക്കൊണ്ടിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഗസി പാര്‍ക്കില്‍ അരങ്ങേറിയ പ്രക്ഷോഭം ഇത്തരമൊരു പ്രചാരണത്തെ ആളിക്കത്തിച്ചു. ഉര്‍ദുഗാന്‍ സ്വയം കുഴിച്ച കുഴിയില്‍ തന്നെയാണ് വീണത്. രണ്ട് വര്‍ഷം മുമ്പ് മന്ത്രിമാരുടെ മക്കള്‍ അഴിമതി കേസുകളില്‍ കുടുങ്ങിയപ്പോള്‍ അവരെ അദ്ദേഹം സംരക്ഷിക്കുകയായിരുന്നുവല്ലോ. പിന്നെ വലിയ ഒച്ചപ്പാടായപ്പോഴാണ് നടപടിക്ക് തയ്യാറായത്.
പ്രത്യയ ശാസ്ത്രവും പ്രശ്‌നം തന്നെ
ഉര്‍ദുഗാനെ ഇങ്ങനെ സെല്‍ഫ് ഗോളടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രമാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. ഇസ്‌ലാമിസ്റ്റുകളെന്ന് പാശ്ചാത്യര്‍ വിളിക്കുന്ന വിഭാഗത്തിലാണല്ലോ ഉര്‍ദുഗാനും വരുന്നത്. ഈജിപ്തിലെ ബ്രദര്‍ഹുഡും ടുണീഷ്യയിലെ അന്നഹ്ദയും സുഡാനിലെ ഉമര്‍ ബാശിറിന്റെ പാര്‍ട്ടിയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം ഈ ഗണത്തില്‍ വരുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രയോഗമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി പാശ്ചാത്യ മൂല്യ ബോധത്തിന് ബദല്‍ ഒരുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ആധുനിക കാലത്ത് ഇസ്‌ലാമിന്റെ സമഗ്രത തങ്ങള്‍ മാത്രമേ ഉയര്‍ത്തിപ്പിടിക്കുന്നുള്ളൂവെന്നും അവര്‍ വാദിക്കുന്നു. രാഷ്ട്രീയ ഇസ്‌ലാം എന്ന പ്രയോഗത്തിന്റെ നേരവകാശവും അവര്‍ എടുത്തണിയുന്നു. എന്നാല്‍ ഇസ്‌ലാമിലെ മഹാഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളാനാകാത്തവരാണ് ഇസ്‌ലാമിസ്റ്റുകള്‍. പരിഷ്‌കരിക്കപ്പെട്ട് വശം കെട്ട മതം പുല്‍കാന്‍ തയ്യാറാകാതെ നിഷ്‌കളങ്കമായ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവര്‍ ഇസ്‌ലാമിസ്റ്റുകളുടെ ശത്രുപക്ഷത്താണ്. എവിടെയൊക്കെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടോ അവിടെയെല്ലാം പാരമ്പര്യ ശേഷിപ്പുകള്‍ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
പാശ്ചാത്യര്‍ക്ക് ബദല്‍ ഒരുക്കാന്‍ പുറപ്പെടുന്ന ഇവര്‍ ഇസ്‌ലാമിന്റെയും ജനാധിപത്യത്തിന്റെയും മിശ്രിതം ഒരുക്കുന്നുവെന്നാണ് അവകാശപ്പെടാറുള്ളത്. എന്നാല്‍ ഇവര്‍ക്ക് എവിടെയൊക്കെ അധികാരം കൈവന്നോ അവിടെയൊക്കെ അധികാരകേന്ദ്രീകരണത്തിനാണ് ശ്രമിച്ചിട്ടുള്ളത്. ഉര്‍ദുഗാനെ തന്നെ നോക്കൂ. അദ്ദേഹത്തിന്റെ ലക്ഷ്യവും മാതൃകയും അമേരിക്കയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങളാണ് അദ്ദേഹത്തെ മോഹിപ്പിക്കുന്നത്. ഈജിപ്തില്‍ ഇവര്‍ക്ക് അധികാരം ലഭിച്ചിരുന്നുവല്ലോ. എന്നിട്ടെന്തായി? ഇപ്പോള്‍ അവിടെ ഭരിക്കുന്നത് പട്ടാള മേധാവിയാണ്. എന്താണങ്ങനെ? മുഹമ്മദ് മുര്‍സി എന്ന ഇഖ്‌വാനി പ്രസിഡന്റായത് ജനകീയ വിപ്ലവത്തിന്റെ കരുത്തിലാണ്. അധികാരം കിട്ടിയപ്പോള്‍ എല്ലാം മറന്നു. എല്ലാ അധികാരവും സ്വന്തമാക്കാനുള്ള ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചു. ഫലമോ ജനം അദ്ദേഹത്തെ വലിച്ച് താഴെയിട്ടു.
മുര്‍സിയായാലും ഉര്‍ദുഗാനായാലും നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളാണ് പിന്തുടര്‍ന്നത് എന്ന് കൂടി ഓര്‍ക്കണം. ഈ നയത്തിന്റെ ഭാഗമായി ജനജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍, എന്തെല്ലാം ഗുണങ്ങള്‍ ഇവര്‍ക്കുണ്ടെങ്കിലും, ജന രോഷമുയരും. തുര്‍ക്കിയില്‍ ഏറ്റവും ഒടുവില്‍ സാമ്പത്തിക സൂചകങ്ങളെല്ലാം പിന്‍മടക്കത്തിലായിരുന്നു. സാമ്പത്തിക വളര്‍ച്ച ഇടിവിലാണ്. 2014 കണക്ക് പ്രകാരം വാര്‍ഷിക വളര്‍ച്ചാ ശരാശരി 2.9 ശതമാനം മാത്രമാണ്. തൊഴിലില്ലായ്മ 11 ശതമാനമായി ഉയര്‍ന്നു. പണപ്പെരുപ്പം രൂക്ഷമാണ്. ഇവിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടതു സാമ്പത്തിക നയം മുന്നോട്ട് വെച്ചത്. ഇത്തരമൊരു നയം മാറ്റത്തിന് ജനം വോട്ട് ചെയ്തുവെന്ന് വേണം വിലയിരുത്താന്‍.
എന്താകും തുര്‍ക്കിയുടെ ഭാവി?
കൂട്ടുകക്ഷി സര്‍ക്കാര്‍ മാത്രമാണ് തത്കാലം പോംവഴി. കുര്‍ദ് പാര്‍ട്ടിയുമായി എ കെ പാര്‍ട്ടിക്ക് സഖ്യം സാധ്യമല്ല. അവര്‍ അതിന് സമ്മതിച്ചിട്ടുമില്ല. പിന്നെയുള്ളത് തീവ്ര ദേശീയവാദി പാര്‍ട്ടിയാണ്. അവരുമായും എ കെ പാര്‍ട്ടിക്ക് ചേരാനാകുമെന്ന് തോന്നുന്നില്ല. സഖ്യം സാധ്യമാകാതെ വന്നാല്‍ പുതിയ തിരഞ്ഞെടുപ്പ് തന്നെയാകും ഫലം. തൊണ്ണൂറുകളില്‍ ഉണ്ടായ അസ്ഥിരതയിലേക്ക് കാര്യങ്ങള്‍ പോയേക്കാം. അത് സൈന്യം പോലുള്ള ഘടകങ്ങളെ അധികാരദാഹികളാക്കിയേക്കാം. ശാന്തമായ ഈ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രവും സംഘര്‍ഷഭരിതമാകുമെന്ന ഭീതിയാണ് അവശേഷിക്കുന്നത്. അങ്ങനെ വരാതിരിക്കാനുള്ള വിവേകവും ഇച്ഛാശക്തിയും ഉര്‍ദുഗാന് ഉണ്ടെന്ന് തന്നെ വിശ്വസിക്കാം.