കരിപ്പൂര്‍ സംഭവം: നാല് സിഎെഎസ്എഫ് ഭടന്മാര്‍ അറസ്റ്റില്‍

Posted on: June 14, 2015 12:42 pm | Last updated: June 17, 2015 at 12:50 am

karipur-2.jpg.image.784.410
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ വെടിയേറ്റു മരിച്ച ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് നാല് സി എെ എസ് എഫ് ജവാന്മാരെ അറസ്റ്റ് ചെയ്തു.  ആറ് സിഎെഎസ്എഫ് ജവാന്മാരെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലെ വസ്തുവകകള്‍ കേടുവരുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ്. അതിനിടെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.ഐ.എസ്.എഫ് ഡപ്യൂട്ടി കമന്‍ഡാന്‍റ് ദാനിയേല്‍ ധന്‍രാജിനെ ജോലിയില്‍ നിന്ന് മാറ്റി. പകരം ഐജി ആര്‍.എന്‍.സഹായി ചുമതല ഏറ്റെടുത്തു.

സി ഐ എസ് എഫ് സംഘം കരിപ്പൂരില്‍ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എഡിജിപി പാച്ച് നന്ദയുടെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് ഉന്നതതല സംഘമാണ് തെളിവെടുപ്പിനായി കരിപ്പൂരില്‍ എത്തിയത്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ടകളുടെ സാമ്പിളുകള്‍ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കും.

സിഐഎസ്എഫ് ഭടന്മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിന് പിന്നാലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടായേക്കും. അഗ്നിശമ സേന ഉദ്യോഗസ്ഥര്‍ക്കും എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് 67 ജവാന്‍മാരെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. 33 പേരെ ചെന്നൈയിലേക്കും 34 പേരെ ബെംഗളൂരുവിലേക്കുമാണ് മാറ്റിയത്. 165 സി.ഐ. എസ്.എഫ് ജവാന്‍മാരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലുള്ളത്.